പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി കഥാകൃത്തും തരിക്കഥാകൃത്തുമായ പി.എഫ്.മാത്യൂസ്. ക്രൈസ്തവ താലിബാനിസം മുളയിലെ നുള്ളണം, നാര്‍ക്കോട്ടിക് ജിഹാദ് കണ്ടു പിടിച്ച വര്‍ഗീയ വാദിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ; 'നാര്‍കോട്ടിക് ജിഹാദ് കണ്ടു പിടിച്ച വര്‍ഗ്ഗീയ വാദിക്കെതിരെ ശബ്ദമുയര്‍ത്തണം. ഈ ആരോപണത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ക്രൈസ്തവ താലിബാനിസം മുളയില്‍ നുള്ളുക തന്നെ വേണം.'
ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്ന വിചിത്ര വാദങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.
ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.