പെരിയ കേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

പെരിയ കേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി
Published on

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച കോടതി, പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുമെന്ന് വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച് കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 30നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്. അപ്പീല്‍ ഹര്‍ജിയില്‍ ഒമ്പത് മാസം മുന്‍പേ വാദം പൂര്‍ത്തിയാക്കിയതുമാണ്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെയുള്ള അഭിഭാഷകരെയായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കാനായി എത്തിച്ചത്. വിധി പറയാന്‍ വൈകിയ സാഹചര്യത്തില്‍ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് കോടതി നടപടി.

കേസില്‍ വിധി വരുന്നത് വരെ തുടര്‍ നടപടി വേണ്ടെന്ന് കോടതി സിബിഐക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. വാദം പൂര്‍ത്തിയായി 9 മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസപ്പെടുത്തിയെന്നും സിബിഐ അറിയിച്ചിരുന്നു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്‌ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെ, കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാംപ്രതി. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in