വയനാട്ടില്‍ മത്സരിക്കരുതെന്ന് നേരില്‍ കണ്ട് പറഞ്ഞിരുന്നു, രാഹുല്‍ ഗാന്ധിക്ക് കാഴ്ചപ്പാടില്ലെന്ന് പി.സി.ചാക്കോ

വയനാട്ടില്‍ മത്സരിക്കരുതെന്ന് നേരില്‍ കണ്ട് പറഞ്ഞിരുന്നു, രാഹുല്‍ ഗാന്ധിക്ക് കാഴ്ചപ്പാടില്ലെന്ന് പി.സി.ചാക്കോ
Published on

ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ പി.സി ചാക്കോ. രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു. വയനാട്ടില്‍ മത്സരിച്ചത് ഇതിന് ഉദാഹരണമാണെന്നും പി.സി ചാക്കോ. ദേശാഭിമാനി അഭിമുഖത്തിലാണ് പ്രതികരണം.

പി.സി.ചാക്കോയുടെ വാക്കുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് അദ്ദേഹം സ്തബ്ധനായി. നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു.

ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് കാണരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷം എന്നത് ഒരു പാര്‍ടിയല്ല. അതൊരു തത്വചിന്തയാണ്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ല. എ കെ ആന്റണിയോടും കെ സി വേണുഗോപാലിനോടും സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ കര്‍ണാടകത്തില്‍ ആകാമായിരുന്നു. ബിജെപിക്ക് എതിരെ മത്സരിക്കാമായിരുന്നു.

ആദ്യമായല്ല ഇടതുപക്ഷത്തോടൊപ്പം ചേരുന്നതെന്നും അടിയന്തരാവസ്ഥയ്ക്കുശേഷം എ കെ ആന്റണിക്കൊപ്പം കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാര്യം ഓര്‍ക്കണമെന്നും ചാക്കോ. ആന്റണി ചെറിയ കാര്യങ്ങളുടെ പേരില്‍ ഇടതുപക്ഷ മുന്നണി വിട്ടുപോയപ്പോഴും താന്‍ തുടര്‍ന്നു. 1986 വരെ കോണ്‍ഗ്രസ് എസില്‍ പ്രവര്‍ത്തിച്ചു. എല്ലാ കോണ്‍ഗ്രസ് ചിന്താഗതിക്കാരും ഒന്നിക്കണമെന്ന് രാജീവ് ഗാന്ധി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് 1986ല്‍ തിരിച്ചുപോയത്.

പി സി ചാക്കോ ചെയ്തത് തെറ്റാണെന്ന് നെഞ്ചില്‍ കൈവച്ച് ഒരു കോണ്‍ഗ്രസ് നേതാവിനും പറയാന്‍ കഴിയില്ല. വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും തെറ്റാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ വീതംവച്ചതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ തന്നെ പറയുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത് 'എ'യും 'ഐ'യും സീറ്റ് പങ്കിട്ടെന്നാണ്. ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഇതൊക്കെ ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ? തന്നെ ഉപദേശിക്കാന്‍ എ കെ ആന്റണി അടക്കമുള്ളവര്‍ക്ക് അവകാശമില്ലെന്നും പി.സി.ചാക്കോ.

Related Stories

No stories found.
logo
The Cue
www.thecue.in