വിദേശ പൗരത്വം തേടുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

വിദേശ പൗരത്വം തേടുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
Published on

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് ചേക്കേറുന്നവര്‍ വര്‍ദ്ധിക്കുകയാണെന്ന ചര്‍ച്ചകള്‍ക്കിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ച് വിദേശത്തു തന്നെ തുടരുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 30 മുതല്‍ 45 വയസ് വരെയുള്ള പ്രായ ഗ്രൂപ്പിലുള്ളവര്‍ക്കിടയിലാണ് ഈ ട്രെന്‍ഡ് വ്യാപകമായുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ല്‍ 241 ഗുജറാത്തികള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ 2023ല്‍ അത് 485 ആയി ഉയര്‍ന്നു. ഈ വര്‍ഷം മെയ് വരെ മാത്രം 244 പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇവരില്‍ ഭൂരിഭാഗവും കുടിയേറിയത്.

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറുകയും തുടര്‍ന്ന് പൗരത്വം സ്വീകരിച്ച് അവിടെത്തന്നെ തുടരുകയും ചെയ്യുകയാണ് ഗുജറാത്തി യുവാക്കള്‍ അനുവര്‍ത്തിക്കുന്ന രീതി. ബിസിനസിലെ മികച്ച സാഹചര്യങ്ങള്‍ തേടി നാടുവിടുന്ന വ്യവസായികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വസ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. അഹമ്മദാബാദ് പോലെയുള്ള നഗരങ്ങള്‍ ഇവരെ വീര്‍പ്പുമുട്ടിക്കുകയാണ്. സ്റ്റുഡന്റ്, ഡയറക്ട് ഇമിഗ്രേഷന്‍, ബിസിനസ് വിസകളുടെ എണ്ണത്തില്‍ 2012 മുതല്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പെടാത്തതുകൊണ്ട് 2028ഓടെ വിദേശ പൗരന്‍മാരാകുന്ന ഗുജറാത്തികളുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്ന് പാസ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റായ റിതേഷ് ദേശായിയും പറയുന്നു.

പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് ഗുജറാത്തിനുള്ളതെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ കാണിക്കുന്നു. 2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഇത്. ഡല്‍ഹിയും പഞ്ചാബുമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന് മുന്നിലുള്ളത്. ഇക്കാലയളവില്‍ 22,300 ഗുജറാത്തികള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ 60,414 ഡല്‍ഹി സ്വദേശികളും28,117 പഞ്ചാബ് സ്വദേശികളും വിദേശ പൗരന്‍മാരായി മാറി. കോവിഡിന് ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in