മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയെന്ന പ്രാഥമിക കടമയില്‍ നിന്ന് ഒരു മതത്തിനോ സമുദായത്തിനോ ഒഴിഞ്ഞുനില്‍ക്കാനാകില്ല.
മലപ്പുറത്തെ ആരാധനാലയങ്ങളില്‍ ചടങ്ങുകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന ഉത്തരവ് തിരുത്തരുതെന്ന് നടി പാര്‍വതി തിരുവോത്ത്. മുസ്ലിം സംഘടനകളും നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന ഉത്തരവ് പുനപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു.
പാര്‍വതി തിരുവോത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയെന്ന പ്രാഥമിക കടമയില്‍ നിന്ന് ഒരു മതത്തിനോ സമുദായത്തിനോ ഒഴിഞ്ഞുനില്‍ക്കാനാകില്ല. കൊവിഡിന്റെ ഭീതിതമായ രണ്ടാം തരംഗമാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന യോഗശേഷവും ഈ തീരുമാനം തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവ് ചെയ്ത് ശരിയായ കാര്യങ്ങള്‍ തന്നെ ചെയ്യൂ.
തൃശൂര്‍ പൂരം കൊവിഡിനിടെ നടത്തുന്നതിനെ എതിര്‍ത്തും നേരത്തെ പാര്‍വതി തിരുവോത്ത് രംഗത്തുവന്നിരുന്നു. അല്‍പ്പമെങ്കിലും മനുഷ്യത്വം കാണിക്കൂ, കൊവിഡ് രണ്ടാം തരംഗത്തിനിടെ തൃശൂര്‍ പൂരം വേണ്ട എന്നായിരുന്നു പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കളക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 5 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് 23.4.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മത നേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും , പിന്നീട് ഫോണിലൂടെയും , ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്ത് . അയത് പുന:പരിശോധിക്കണമെന്ന് വിവിധ മത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ തിങ്കളാഴ്ച നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമെടുക്കുന്നതാണെന്ന് ബഹു: മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.