WCC യില്‍ നിന്നുള്ള, സംവിധായിക വിധു വിന്‍സെന്റിന്റെ രാജിയിലും തുടര്‍ന്നുള്ള ആരോപണങ്ങളിലും നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. വിഷയത്തില്‍ പരസ്യ ചര്‍ച്ചയ്‌ക്കോ, ചെളിവാരിയെറിയലിനോ ഇല്ലെന്ന് നടി സമൂഹ മാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നു. തുടക്കം മുതല്‍ കൃത്യമായ വ്യക്തതയോടെയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും ശരിയായ രീതിയിലാണ് ചര്‍ച്ചകളും ഇടപെടലുകളും. അതേ രീതിയില്‍ മുന്നോട്ടുപോകും. പൊതുമധ്യത്തില്‍ ചെളിവാരിയെറിയാനില്ല. സംഘടനാ രീതിയനുസരിച്ച് മാന്യമായ രീതിയില്‍ ചര്‍ച്ചകളിലൂടെയാണ് പരിഹാരം കണ്ടെത്തുക. വിഷയത്തില്‍ പരസ്യ ചര്‍ച്ചയ്ക്കില്ല. വനിതാമുന്നേറ്റത്തിനൊപ്പം WCC എന്നും നിലകൊള്ളുമെന്നും പാര്‍വതി വിശദീകരിക്കുന്നു.
ലക്ഷ്യബോധത്തിലൂന്നി മുന്നോട്ടുപോകും. സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ നടത്തുന്ന കുടില തന്ത്രമാണ് ഇപ്പോഴത്തേത്. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല. അപവാദ പ്രചരണങ്ങളില്‍ വീഴരുതെന്നും നടി ഓര്‍മ്മിപ്പിക്കുന്നു. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും WCC ക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍വതി. ആല്‍ബര്‍ട്ട് കാമ്യുവിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് നടി നിലപാട് വ്യക്തമാക്കിയത്. ശീതകാലത്തിന്റെ മധ്യത്തിലാണ്, എന്റെയുള്ളിലെ ആര്‍ക്കും കീഴടക്കാനാകാത്ത വേനലിനെ ഞാന്‍ കണ്ടത്തിയത്. അതെന്നെ സന്തോഷിപ്പിക്കുന്നു. കാരണം, എത്രമാത്രം ലോകം എതിരെ നിലകൊണ്ടാലും എതിരിടാന്‍ അതിനേക്കാളേറെ ശക്തമാതും മികച്ചതുമായ ഒന്ന് എന്റെയുള്ളിലുണ്ട്. എന്നായിരുന്നു ആ വരികള്‍. കൂടാതെ ഫെയ്‌സ്ബുക്ക് കവര്‍ WCC എന്നാക്കുകയും ചെയ്തിരുന്നു.