ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാമെന്ന് അറിയിപ്പ് വന്നതോടെ പല മേഖലങ്ങളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പും നല്‍കി. പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ജമാ അത്ത് പരിപാലന സമിതി.
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളം ജുമാ മസ്ജിദില്‍ ആരാധനക്ക് എത്തിച്ചേരുന്നത് ഏറിയ പങ്കും യാത്രക്കാരും അപരിചിതരമാണ്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് മസ്ജിദില്‍ എത്തുന്നവര്‍ക്ക് ആരാധനക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജമാഅത്ത് കമ്മിറ്റി.
ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ആരാധനാലയങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും
65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ് എന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. അത് കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മറ്റ് നിര്‍ദേശങ്ങള്‍
*ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം.
*പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്.
*ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം.
*ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്.
*പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.
*ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം.
*പൊതുസ്ഥലത്ത് തുപ്പരുത്.
*രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
*കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം.
*ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.
*ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
*കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.
*എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്.
*വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.
*ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.
*പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
*അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം.
*മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം.
*എന്തായാലും ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം.
*പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.
അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.
ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും. ഒരുസമയം 50ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്താന്‍ പാടില്ല. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെയ് അഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ് കൈമാറുന്ന രീതി അവലംബിക്കും. ദേവസ്വം ജീവനക്കാര്‍ക്കും ഇനി മുതല്‍ മാസ്‌ക്കും കൈയ്യുറയും നിര്‍ബന്ധമാണ്. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്യുല്‍ ക്യൂ സംവിധാനം വഴി അനുമതി ലഭിക്കുന്നവര്‍ മാത്രമേ ശബരിമലയില്‍ എത്താവൂ.