കണ്ണൂര്‍ പാലത്തായിയില്‍ ബിജെപി നേതാവ് പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകാതെ പൊലീസ്. ബിജെപി നേതാവിനെതിരെ വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് കുറ്റപത്രം വൈകുന്നതിന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പത്മരാജന് സ്വാഭാവിക ജാമ്യം ലഭിക്കും. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് ജാമ്യാപേക്ഷ കോടതി തള്ളി.
തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. തെളിവ് കിട്ടാത്തതിനെ തുടര്‍ന്നാണ് നടന്ന അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. വിദ്യാര്‍ത്ഥിനിയുടെ മൊഴി അന്വേഷണസംഘം ഇതുവരെ എടുത്തിട്ടില്ല. തൊളിവുകള്‍ മുഴുവന്‍ ശേഖരിച്ചതിന് ശേഷം കുട്ടിയുടെ മൊഴിയെടുക്കുമെന്നാണ് ക്രൈബ്രാഞ്ച് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ബന്ധുക്കള്‍ക്ക് പുറമേ സഹപാഠികളെയും അധ്യാപകരെയും കണ്ട് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.
രണ്ട് മാസത്തിന് ശേഷമാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറിയത്. സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ഡ്യൂട്ടിയിലേക്ക് മാറേണ്ടി വന്നത് അന്വേഷണത്തെ ബാധിച്ചുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ലോക്കല്‍ പൊലീസ് വരുത്തിയ വീഴ്ചയുടെ തുടര്‍ച്ചായാണിതെന്ന് കുട്ടിയുടെ ബന്ധു ദ ക്യുവിനോട് പറഞ്ഞു. പ്രതി പത്മരാജനെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബന്ധു ആരോപിച്ചു.
അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.എല്‍.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി പദ്മരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് മറ്റൊരാളും പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി പറഞ്ഞ തിയ്യതികളില്‍ പ്രതി സ്ഥലത്തില്ലായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. പീഡനം നടന്ന ശുചിമുറി എല്ലാവര്‍ക്കും കാണാവുന്ന തരത്തിലുള്ളതാണ്. മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു.രണ്ടാമത്തെ പീഡനാരോപണത്തെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
പോക്‌സോ കേസ് ചുമത്തിയിരുന്നെങ്കിലും ഒരുമാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയതത്. അറസ്റ്റ് വൈകുന്നത് പ്രതിയെ രക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് അന്വേഷണത്തെ ബാധിച്ചുവെന്നായിരുന്നു പൊലീസ് ഇതിന് നല്‍കിയ വിശദീകരണം.
തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. പ്രതിയുടെ അറസ്റ്റ് വൈകുന്നത് കര്‍ണാടകയിലേക്ക് കടന്നതിനാലാണെന്ന പൊലീസ് വാദമാണ് ഇതോടെ പൊളിഞ്ഞത്. സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പൊലീസിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.