പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവ് ബലാത്സംഗം ചെയ്ത കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്‍ പ്രതിയായ കേസില്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് ക്രൈബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. തലശ്ശേരി പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതായി തിരുവനന്തപുരം റേഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചു. കുറ്റപത്രം വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടുമായിരുന്നു.
കുട്ടികളെ പത്മരാജന്‍ ഉപദ്രവിച്ചിരുന്നതായി കുറ്റപത്രത്തിലുണ്ട്. ഇതില്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനാലാണ് മൊഴിയെടുക്കാന്‍ കഴിയാത്തത്. പ്രതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പോക്‌സോ നിയമപ്രകാരമുള്ള അന്വേഷണം തുടരുമെന്നാണ് ക്രൈബ്രാഞ്ചിന്റെ വിശദീകരണം. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമായി വരികയാണെങ്കില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കും. ഡിവൈഎസ്പി മധുസൂദനനാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.എല്‍.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി പത്മരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് മറ്റൊരാളും പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിലാണ് സംഭവം.