പാലാരിവട്ടം: പുതിയ സത്യവാങ്മൂലം നല്‍കാനൊരുങ്ങി വിജിലന്‍സ്; ‘ഇബ്രാഹിംകുഞ്ഞ് ഗുരുതര പിഴവ് വരുത്തി’
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനൊരുങ്ങി വിജിലന്‍സ്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് വാദിച്ചത് വിവാദമായ സാഹചര്യത്തിലാണ് പുതിയ നീക്കം. യാതൊരു തരത്തിലുള്ള ക്ലീന്‍ചീട്ടും ഇബ്രാഹിംകുഞ്ഞിന് നല്‍കിയിട്ടില്ലെന്നും കരാര്‍ ലംഘിച്ച് ആര്‍ഡിഎസ് പ്രൊജക്ട്‌സിന് മുന്‍ കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടതില്‍ മുന്‍ മന്ത്രിയ്ക്ക് ഗുരുതരമായ വീഴ്ച്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയായിരിക്കും പുതിയ സത്യവാങ്മൂലം.
നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്സിന് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു.
ടി ഒ സൂരജിനെ ചോദ്യം ചെയ്യുന്നതിലൂടെ കിട്ടുന്ന വിവരങ്ങളും പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ടി ഒ സൂരജിനെ മൂവാറ്റുപുഴ സബ്ജയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്യും. ശേഷം നാളെയോ മറ്റന്നാളോ പുതുക്കിയ സത്യവാങ്മൂലം നല്‍കാനാണ് വിജിലന്‍സ് നിശ്ചയിച്ചിരിക്കുന്നത്. ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വി കെ ഇബ്രാഹിംകുഞ്ഞിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏത് നിമിഷവും ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ പരാമര്‍ശവും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് പാലായില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞതിന് പിറ്റേന്ന് തന്നെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് ആശ്വാസകരമായ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പ് നടന്നതായും ആരോപണങ്ങളുണ്ട്.