പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജും നിര്‍മ്മാണ കമ്പനി എംഡിയും അറസ്റ്റില്‍
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജും നിര്‍മ്മാണ കമ്പനി എംഡി സുമിത് ഗോയലും അറസ്റ്റില്‍. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി നാല് പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്ത്. കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജിര്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായ മറ്റ് രണ്ടുപേര്‍.
സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആയിരുന്ന കാലത്താണ് പാലാരിവട്ടം ഫ്‌ളൈ ഓവറിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നടന്നത്. ടെന്‍ഡര്‍ നടപടികളിലും ഫണ്ട് വിനിയോഗത്തിലും ഗുരുതരമായ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് പാലത്തിന്റെ ബലക്ഷയത്തിലേക്ക് എത്തിച്ചതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബലക്ഷയമുണ്ടായ പാലം പണിത ആര്‍ഡിഎസ് പ്രൊജക്ട്സിന്റെ എംഡിയാണ് അറസ്റ്റിലായ സുമിത് ഗോയല്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 62 കോടി രൂപയായിരുന്നു ചെലവ്. സമീപത്ത് തന്നെ ഇടപ്പള്ളി ജംഗ്ഷനില്‍ പാലാരിവട്ടത്തേക്കാള്‍ വലിയ മേല്‍പാലം ഡിഎംആര്‍സി നിര്‍മ്മിച്ചിരുന്നു. പാലാരിവട്ടത്തേക്കാള്‍ വലിയ പാലം ഡിഎംആര്‍സി നിര്‍മ്മിച്ചതാകട്ടെ 39 കോടി രൂപയ്ക്കും.
റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തത്. ആര്‍ഡിഎസ് പ്രൊജക്ട്സിന് കരാര്‍ ലഭിച്ചു. 2016 ഒക്ടോബര്‍ 16ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പാലം ഉദ്ഘാടനം ചെയ്തു. അധികം വൈകാതെ തന്നെ തകരാറുകള്‍ കണ്ടുതുടങ്ങിയ പാലം 2019 മെയ് രണ്ടോടെ അടയ്ക്കേണ്ടി വന്നു. പാലത്തിന്റെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അപാകത സംഭവിച്ചെന്ന് സര്‍ക്കാര്‍ കണ്ടെത്തി. പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാലത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ സ്വന്തം ചെലവില്‍ ചെയ്യാമെന്ന വ്യവസ്ഥയിലായിരുന്നു നിര്‍മ്മാണക്കരാര്‍. തകരാര്‍ കണ്ടെത്തിയതിനാല്‍ അഞ്ചു കോടിയോളം രൂപയുടെ ബില്ല് ആര്‍ഡിഎസ് പ്രൊജക്ട്സിന് മാറിനല്‍കിയിട്ടില്ല.
സര്‍വ്വീസിലിരിക്കെ അഴിമതിക്കേസുകളില്‍ റെക്കോര്‍ഡിട്ട ഉദ്യോഗസ്ഥനാണ് ടി ഒ സൂരജ്. 1986ല്‍ വനംവകുപ്പ് റേഞ്ച് ഓഫീസറായാണ് തുടക്കം. ഫോറസ്റ്റ് ഓഫീസിറായിരിക്കെ തന്നെ അഴിമതിക്കേസില്‍ കുടുങ്ങി. വനംവകുപ്പിലായിരുന്ന സമയത്ത് ഏകദേശം നാല് ലക്ഷം രൂപ മാത്രം ആസ്തിയുണ്ടായിരുന്ന സൂരജിന് ഇന്ന് നൂറ് കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്ന് വിജിലന്‍സ് പറയുന്നു. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ഡെപ്യൂട്ടി കളക്ടറായി റവന്യൂവകുപ്പിലെത്തിയ സൂരജിന് എട്ട് വര്‍ഷത്തിന് ശേഷം 1994ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ സൂരജിന് കണ്‍ഫേഡ് ഐഎഎസ് നല്‍കി. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. സബ്കളക്ടറായും കളക്ടറായും സൂരജിന് ചുമതലകള്‍ ലഭിച്ചു. മുതിര്‍ന്ന ഐഎഎസുകാരെ പിന്തള്ളി വിവിധവകുപ്പുകളില്‍ നിന്ന് സൂരജിന് സെക്രട്ടറി, കമ്മീഷണര്‍ സ്ഥാനങ്ങളെത്തി. യുഡിഎഫ് സര്‍ക്കാരിന്റ കാലത്താണ് സൂരജിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നതും സംരക്ഷിക്കപ്പെട്ടതും. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായും ടി ഒ സൂരജ് അറിയപ്പെട്ടിരുന്നു.
ടി ഒ സൂരജിനെതിരെ 2014ല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിരുന്നു. 11 കോടി രൂപയുടെ അനധികൃത സ്വത്ത് സൂരജിനുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. 2015ല്‍ സൂരജിനെതിരെ കുറ്റപത്രം നല്‍കി. പത്തുവര്‍ഷത്തിനിടെ 314 ശതമാനം ആസ്തി വര്‍ധിച്ചെന്നും വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യം സൂരജിനുണ്ടെന്നും 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചു. സൂരജിന് ആറ് ആഡംബരക്കാറുകളും കൊച്ചിയില്‍ ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള ഭൂമിയുമുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാണിച്ചിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമുള്ള വിവരവും പുറത്തുവരികയുണ്ടായി. അഴിമതിക്കേസുകളില്‍ രണ്ട് വര്‍ഷത്തോളം സസ്‌പെന്‍ഷനില്‍ ആയ ശേഷം തിരിച്ചെത്തിയ സൂരജിന് സുപ്രധാന വകുപ്പുകള്‍ ഒന്നും തന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. സ്‌പോട്‌സ്-യുവജനകാര്യ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ടി ഒ സൂരജ് വിരമിച്ചത്. 2019 ജനുവരിയില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടി ഒ സൂരജിന്റെ 8.8 കോടി വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാല് വാഹനങ്ങളും 23 ലക്ഷം രൂപയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.