‘ഒവൈസിയുടെ റാലിയില്‍ പാക്ക് മുദ്രാവാക്യം’; യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്
ബംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ പാക്കിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. അമൂല്യ ലിയോണ എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. അമൂല്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എഐഎംഐഎം നേതാവ് അദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രതിഷേധ പരിപാടിക്കിടെ വേദിയിലെത്തിയ യുവതി മൈക്ക് കയ്യിലെടുത്ത് പാക്കിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാക്കിസ്താന്‍ സിന്ദാബാദ് എന്നും ഇവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. യുവതിയുടെ അപ്രതീക്ഷിക നടപടിയില്‍ സദസും വേദിയിലുണ്ടായിരുന്ന നേതാക്കളും അദ്യം ഞെട്ടിയെങ്കിലും, ഒവൈസി അടക്കമുള്ളവര്‍ യുവതിയുടെ അടുക്കലെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ വേദിയില്‍ നിന്നും മാറ്റിയത്.
യുവതിക്കെതിരെ 124എ, 153 എ, ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തനിക്കോ പാര്‍ട്ടിക്കോ സംഭവവുമായി യാതൊരും ബന്ധവുമില്ലെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരു തരത്തിലും പാക്കിസ്താനെ പിന്തുണയ്ക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു.
അതേസമയം 'യുവതിയുടെ പിന്നില്‍ മറ്റുള്ളവരുണ്ട്' എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന ആക്ടിവിസ്റ്റുകളടക്കമുള്ളവരുടെ ഒരു ടീം തനിക്ക് പിന്നിലുണ്ടെന്ന് യുവതി പറയുന്നതാണ് വീഡിയോയിലുള്ളത്. യുവതിയുടെ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.