തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹം എഴുതിയ പാട്ടുകളുടെ റീമിക്‌സികുളില്‍ നിന്നും പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ വിമര്‍ശനം ഉയരുന്നു. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവരാണ് മ്യൂസിക് മാഗസിനായ റോളിംഗ് സ്‌റ്റോണ്‍ ഇന്ത്യ, മ്യൂസിക് ആല്‍ബം മാജാ എന്നിവയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
'നീയേ ഒലി' രചിച്ചതും 'എന്‍ജോയ് എന്‍ജാമി'യുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ ഈ ഗാനങ്ങള്‍ റീമേക്ക് ചെയ്യപ്പോള്‍ അതിലെവിടെയും തെരുക്കുറല്‍ അറിവിന്റെ പേര് വന്നിട്ടില്ലെന്നും ഇത്തരം ഒഴിവാക്കലുകളെയാണ് അദ്ദേഹത്തിന്റെ വരികള്‍ പ്രതിനിധാം ചെയ്യുന്നതെന്നും പാ രഞ്ജിത്ത് പറയുന്നു.
'നീയേ ഒലി രചിച്ചതും എന്‍ജോയ് എന്‍ജാമിയുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍കൂടി അപ്രത്യക്ഷനാക്കപ്പെട്ടിരിക്കുന്നു. പൊതുഇടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുകയാണ് ഈ രണ്ട് പാട്ടുകളിലൂടെയും അറിവ് ചെയ്യുന്നതെന്ന് റോളിംഗ് സ്‌റ്റോണ്‍ ഇന്ത്യയ്ക്കും മാജയ്ക്കും മനസിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ?,' അദ്ദേഹം ചോദിക്കുന്നു.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈക്ക് വേണ്ടിയാണ് അറിവ് നീയേ ഒലി എഴുതിയത്. പിന്നീട് മാജ ആ ഗാനം ആല്‍ബമായി ഇറക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ ഡിസ്‌ക്രിപ്ഷനിലോ വീഡിയോയിലോ അറിവിന്റെ പേര് ഉള്‍പ്പെടുത്താതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് അറിവിന്റെ പേര് ചേര്‍ക്കുകയായിരുന്നു.
റോളിംഗ് സ്‌റ്റോണ്‍ അവരുടെ ഇന്ത്യന്‍ എഡിഷനില്‍ നീയേ ഒലി പാടിയ ഷാന്‍ വിന്‍സെന്റിന്റെയും എന്‍ജോയ് എന്‍ജാമി പാടിയ ധീയുടെയും അഭിമുഖം എടുത്തു. ഷാന്‍ വിന്‍സെന്റും ധീയുമാണ് കവര്‍ ഫോട്ടോയിലുള്ളത്. ഇതിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മനപൂര്‍വ്വം അദ്ദേഹത്തെ തഴയുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.