കൂളിമാട് പാലം; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല; തിരിച്ചയച്ച് പൊതുമരാമത്ത് മന്ത്രി

കൂളിമാട് പാലം; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല; തിരിച്ചയച്ച് പൊതുമരാമത്ത് മന്ത്രി
Published on

കൂളിമാട് പാലം തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മടക്കി അയച്ചു. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത തേടിയാണ് മടക്കി അയച്ചത്.

മാനുഷിക പിഴവോ ജാക്കി തകരാറോ ആണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഏത് കാരണമാണ് അപകടത്തിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. അക്കാര്യം വ്യക്തത വരുത്തുകയും മാനുഷിക പിഴവാണെങ്കില്‍ ആവശ്യത്തിന് വിദഗ്ധ തൊഴിലാളികള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. സുരക്ഷാ മുന്‍ കരുതലകുള്‍ സ്വീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കണം എന്നും മന്ത്രി പറഞ്ഞു.

നിര്‍മാണം നടക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് പി.ഡബ്ല്യു.ഡി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സുരക്ഷ ഒരുക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവര്‍ത്തനം ഉറപ്പാക്കിയില്ല. ഇത്രയും കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് പൊതു മരാമത്ത് വിജിലന്‍സ് വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ മെയ് 16നാണ് അപകടം നടന്നത്. 3 ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണു.

309 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്. കാരണം വ്യക്തമാകുന്നതുവരെ ഊരാളുങ്കല്‍ സൊസൈറ്റിയോട് പണി തുടരേണ്ടതില്ലെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in