ഒരടി പിന്നോട്ടില്ല, പറഞ്ഞതില്‍ തെറ്റുമില്ല; കരാറുകാരെക്കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടെന്ന് മുഹമ്മദ് റിയാസ്

ഒരടി പിന്നോട്ടില്ല, പറഞ്ഞതില്‍ തെറ്റുമില്ല; കരാറുകാരെക്കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടെന്ന് മുഹമ്മദ് റിയാസ്
Published on

കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരരുതെന്ന് പറഞ്ഞ പരാമര്‍ശത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും എം.എല്‍.എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി.

മന്ത്രിയെന്ന നിലയില്‍ താന്‍ നടപ്പാക്കുന്നത് ഇടതുപക്ഷ നയവും നിലപാടുമാണ്. തട്ടിപ്പും അഴിമതിയും നിലനില്‍ക്കുന്നുണ്ടെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ മുഹമ്മദ് റിയാസ് പറഞ്ഞു.

ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധങ്ങളുണ്ടെന്നും ഇവര്‍ക്കിടയില്‍ തട്ടിപ്പും അഴിമതിയും ഉണ്ടെന്നും റിയാസ് പറഞ്ഞു. കരാറുകാരുടെ ഇത്തരം നീക്കങ്ങള്‍ ഇതിന് കരാറുകാരെ സഹായിക്കുന്നുണ്ടെന്നും റിയാസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കരാറുകാരെയും കൂട്ടി എം.എല്‍.എമാരെ കാണാന്‍ വരരുതെന്ന് താന്‍ പറഞ്ഞതെന്ന് റിയാസ് വ്യക്തമാക്കി.

ഇടതുപക്ഷ എം.എല്‍.എയായാലും വലതുപക്ഷ എം.എല്‍.എയായാലും ഇത്തരം കരാറുകാരെ കൂട്ടി തന്റെ പക്കല്‍ വരുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.

സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തില്‍ മുഹമ്മദ് റിയാസിനെതിരെ എം.എല്‍.എമാരുടെ രൂക്ഷ വിമര്‍ശനമുണ്ടായി. തുടര്‍ന്ന് റിയാസ് ഖേദം പ്രകടിപ്പിച്ചെന്നുമുള്ള തരത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റിയാസ്.

റിയാസിന്റെ വാക്കുകള്‍

എം.എല്‍.എമാരുടെ യോഗത്തില്‍ ഇങ്ങനെ ചില കാര്യങ്ങളുണ്ടായി, ഞാന്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു, എന്റെ നിലപാടില്‍ നിന്നും പിറകോട്ടു പോയി എന്നൊക്കെ വ്യാപകമായി മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. ഒരു കാര്യം പറയാം. എം.എല്‍.എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും ഇത്തരത്തിലുള്ള അഭിപ്രായം ഉന്നയിച്ചിട്ടില്ല. രണ്ട് ഞാന്‍ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുയാണ്. ഒരടി പിറകോട്ട് പോകില്ല

ഞാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ശ്രീ ഐ.സി ബാലകൃഷ്ണന്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ചില രീതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് യാഥാര്‍ത്ഥ്യമാണ്. എന്റെ മറുപടി വളരെ വ്യക്തമാണ്. ഇപ്പോള്‍ കരാറുകാരില്‍ നന്നായി ജോലി ചെയ്യുന്നവരുണ്ട്. ഉദ്യോഗസ്ഥരിലും അഴിമതിക്കെതിരെ നില്‍ക്കുന്നവരുണ്ട്, കഠിനാധ്വാനം ചെയ്യുന്നവരുണ്ട്. പക്ഷെ ചിലയിടങ്ങളില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒരു നെക്‌സസ് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in