നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി. രാജീവ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പി. രാജീവ് പറഞ്ഞു.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുന്നില്ലെന്നും പി. രാജീവ്. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയുണ്ടെന്നും പി. രാജീവ് പറഞ്ഞു.
തട്ടിക്കൂട്ടി കുറ്റപത്രം സമര്‍പ്പിച്ച് കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റൊരു മാര്‍ഗമില്ലെന്നും അതിജീവിത ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അതിജീവിത ഉന്നയിക്കുന്നത്. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധം, ദിലീപിന്റെ അഭിഭാഷകര്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും അതിജീവിത കോടതിയില്‍.
ഈ മാസം 30ന് തുടരന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കേണ്ടതില്ല എന്നാണ് തീരുമാനം.