മാവോയിസ്റ്റുകളെ സമാധാന ദൂതരായി ചിത്രീകരിക്കുന്നു, സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍

മാവോയിസ്റ്റുകളെ സമാധാന ദൂതരായി ചിത്രീകരിക്കുന്നു, സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍

Published on

കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പി ജയരാജന്‍. എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായി ഒരു പൊലീസ് നടപടിയും വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍. എകെ 47 തോക്കുകളുമായി കേരള പോലീസിന്റെ മുന്നിലെത്തിയ മാവോയിസ്റ്റുകളെ സമാധാന ദൂതന്മാരായിട്ടാണ് വലത് പക്ഷമാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും ജയരാജന്‍. ഇന്നത്തെ മാവോയിസ്റ്റുകള്‍ തൊഴിലാളി കര്‍ഷക വിഭാഗങ്ങളുടെ വര്‍ഗ്ഗ സമരം നയിക്കുകയല്ല ചെയ്യുന്നത്. കാട്ടില്‍ കയറി പോലീസും മറ്റ് സൈനിക വിഭാഗങ്ങളുമായി ഏറ്റുമുട്ടുന്നതിനാണ് മാവോയിസ്റ്റുകള്‍ ഒരുമ്പെടുന്നതെന്നും പി ജയരാജന്‍.

പി ജയരാജന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അനുസരിച്ച് കേരള പോലീസ് കേസെടുത്തത് വിവാദമായിരിക്കുകയാണല്ലോ. ഇതേ കുറിച്ച് പല സുഹൃത്തുക്കളും പ്രതികരണം ആരായുന്നുണ്ട്.

യുഎപിഎയും അതിനു മുന്നോടിയായുള്ള കരിനിയമങ്ങളായ 'പോട്ടയും ടാഡയും' കേരളത്തില്‍ ആദ്യമായി നിരപരാധികള്‍ക്കെതിരെ ചാര്‍ത്തിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്.നിലവിലുള്ള ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് ചാര്‍ജ്ജ് ചെയ്യേണ്ട കുറ്റങ്ങളില്‍ പോലും ഇത്തരം കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോണ്‍ഗ്രസ്സിന്റെ ചരിത്രമാണ്.

ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലത്ത് എനിക്കും 'യുഎപിഎ പട്ടം' ചാര്‍ത്തി തന്നിട്ടുണ്ട്. അതുവഴി സിപിഐഎം പ്രവര്‍ത്തകരെ ഭീകരരായി മുദ്രകുത്തുകയായിരുന്നു. പിന്നീട് കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്മെന്റും ഇതേ സമീപനം തുടര്‍ന്നു.ന്യുനപക്ഷ വിഭാഗത്തില്‍ പെട്ട നൂറുകണക്കിന് യുവാക്കളെ യുഎപിഎ ചുമത്തി കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചപ്പോള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയും നിയമപോരാട്ടം നടത്തിയും വിഷയത്തില്‍ ഇടപെട്ട് അവരെ മോചിതരാക്കാന്‍ പരിശ്രമിച്ചത് സിപിഐഎം മാത്രമായിരുന്നു.

കേരളത്തില്‍ ഞാനുള്‍പ്പെടെയുള്ള പത്ത് പേര്‍ക്ക് യുഎപിഎ കേസില്‍ ജാമ്യം കിട്ടി.എന്നാല്‍ മറ്റ് 15 പേര് ഇപ്പോളും ജാമ്യം കിട്ടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.5 വര്‍ഷമായി തടവറയില്‍ കഴിയുകയാണ്.സിപിഐഎമ്മിനെതിരെ അന്ന് ഭീകര നിയമം പ്രയോഗിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറാവാത്ത ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയക്കാരും വലത് മാധ്യമങ്ങളും ഇന്ന് യുഎപിഎ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!

യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഗവണ്മെന്റ് ചാര്‍ജ്ജ് ചെയ്ത കേസുകളിലും യുഎപിഎ എടുത്തുമാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.ഇവിടെ എല്‍ഡിഎഫിന്റെ നയം വ്യക്തമാണ്.യുഎപിഎ നിയമം അനുസരിച്ച് ഗവണ്മെന്റ് അനുമതി നല്‍കിയാല്‍ മാത്രമേ യുഎപിഎ അനുസരിച്ചുള്ള കുറ്റം നിലനില്‍ക്കുകയുള്ളൂ.മാവോ വാദികളുടെ ലഘുലേഖ കൈവശം വെച്ചു എന്നതിന്റെ പേരില്‍ പൊലീസ് യുഎപിഎ അനുസരിച്ച് എഫ്ഐആര്‍ ഇട്ടുവെങ്കില്‍ അത് എല്‍ഡിഎഫ് ഗവണ്മെന്റിനെ തന്നെ കുറ്റപ്പെടുത്താനുള്ള കാരണമാകുന്നില്ല. കാരണം ഈ വിഷയത്തില്‍ ഗവണ്മെന്റിന്റെ സമീപനം ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ വ്യക്തമായതാണ്. എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായ ഒരു നടപടിയും ഗവണ്മെന്റ് വെച്ചുപൊറുപ്പിക്കില്ല എന്ന് വ്യക്തമാണ്.

മാവോയിസ്റ്റുകളെ സമാധാന ദൂതരായി ചിത്രീകരിക്കുന്നു, സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍
‘തകരുന്നത് പാർട്ടിക്കൊപ്പം നിൽക്കുന്നവരുടെ വിശ്വാസമാണ്’, പിണറായിയെയും ആഭ്യന്തരവകുപ്പിനെയും പ്രതിരോധത്തിലാക്കി പ്രതികരണങ്ങള്‍

ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അവരോടും ഇപ്പോള്‍ മാവോയിസ്റ്റുകളോടും വലതുപക്ഷ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പാണ് അത്.കേരളം വലതുപക്ഷം ഭരിക്കുമ്പോള്‍ നക്‌സലൈറ്റ് ആയിരുന്ന വര്‍ഗ്ഗീസിനെ ഭരണകൂട ഭീകരതയുടെ ഭാഗമായി പിടികൂടി വെടിവെച്ച് കൊന്നപ്പോള്‍ അതിനെ ന്യായീകരിച്ചവരാണ് വലതുപക്ഷ പത്രങ്ങള്‍.ഇപ്പോള്‍ എകെ 47 തോക്കുകളുമായി കേരള പോലീസിന്റെ മുന്നിലെത്തിയ മാവോയിസ്റ്റുകളെ സമാധാന ദൂതന്മാരായിട്ടാണ് അവര്‍ ചിത്രീകരിക്കുന്നത്.

മാവോയിസ്റ്റുകളെ സമാധാന ദൂതരായി ചിത്രീകരിക്കുന്നു, സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍
‘യെച്ചൂരി നയിക്കുന്ന പാര്‍ട്ടിക്ക് ലജ്ജവിട്ട് ഇനിയെങ്ങനെ തലയുയര്‍ത്താനാവും?’

ഇന്നത്തെ മാവോയിസ്റ്റുകള്‍ തൊഴിലാളി കര്‍ഷക വിഭാഗങ്ങളുടെ വര്‍ഗ്ഗ സമരം നയിക്കുകയല്ല ചെയ്യുന്നത്.സമീപകാലത്ത് മഹാരാഷ്ട്രയും രാജസ്ഥാനുമുള്‍പ്പടെ ഇന്ത്യയില്‍ നടന്ന കര്ഷകപ്രക്ഷോഭങ്ങള്‍ വര്‍ഗ്ഗസമരത്തിന്റെ മാതൃകകളാണ്.അത്തരം മാതൃകകളാണ് വളര്‍ന്ന് വരേണ്ടത്.അതിന് പകരം കാട്ടില്‍ കയറി പോലീസും മറ്റ് സൈനിക വിഭാഗങ്ങളുമായി ഏറ്റുമുട്ടുന്നതിനാണ് മാവോയിസ്റ്റുകള്‍ ഒരുമ്പെടുന്നത്.അതിന്റെ അര്‍ഥം ജനങ്ങള്‍ക്കിടയിലെ വര്‍ഗ്ഗസമരങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നാണ്.അത്തരം ഒളിച്ചോട്ടക്കാരെയാണ് വലത് മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.ഇതിന് കൃത്യമായ ലക്ഷ്യമുണ്ട്.ആഗോള വല്‍ക്കരണ നയങ്ങള്‍ക്കെതിരായി ബദല്‍ നയം ഉയര്‍ത്തുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കുക.ആ ഉദ്ദേശം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും ...

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in