കാര്യമൊയൊരു സ്വത്തുമില്ലെന്നും ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. ചൈനീസ് ബാങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട കേസില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. അദ്ദേഹം. ഭാര്യ ടിന അംബാനിയും തന്റെ കുടുംബവുമാണ് ചെലവുകള്‍ വഹിക്കുന്നത്. ആര്‍ഭാട ജീവിതമല്ല നയിക്കുന്നത്. തികച്ചും ലളിതരീതിയിലാണ് മുന്നോട്ടുപോകുന്നത്. ഒരു കാറാണുള്ളത്. ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് കൊടുക്കുന്നത്. 2020 ജനുവരിക്കും ജൂണിനുമിടയില്‍ ആഭരണങ്ങള്‍ വിറ്റതില്‍ നിന്ന് 9.9 കോടി രൂപ ലഭിച്ചിരുന്നു.അതില്‍ ഇനിയൊന്നും അവശേഷിക്കുന്നില്ല.
അമ്മ കോകില അംബാനിയില്‍ നിന്ന് 56 മില്യണ്‍ ഡോളര്‍ കടം വാങ്ങിയിട്ടുണ്ട്. മകന് 41 മില്യണ്‍ ഡോളറും കൊടുക്കാനുണ്ട്. ആഡംബര കാറുകളുണ്ടെന്നത് മാധ്യമങ്ങളുടെ ഊഹം മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 700 മില്യണ്‍ ഡോളര്‍ വായ്പയെടുത്തിരുന്നു. 2012 ലായിരുന്നു ഇത്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നിവടങ്ങളില്‍ നിന്നായാണ് ഭീമമായ തുക കടമെടുത്തത്. ഇത് തിരിച്ചടയ്ക്കാത്തത് സംബന്ധിച്ചാണ് കേസ്.
അനില്‍ അംബാനിയുടെ കമ്പനി പാപ്പര്‍ നടപടികളിലാണ് ഇപ്പോള്‍. ചൈനീസ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളതും കോടതി വ്യവഹാരത്തിനായി അവര്‍ ചെലവഴിച്ച തുകയും അടക്കം. 7.17 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കണമെന്ന് ജൂണ്‍ 12 ന് കോടതി ഉത്തവിട്ടിരുന്നു. എന്നിട്ടും പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മറുഭാഗം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അംബാനിയോടുള്ള ചോദ്യങ്ങള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. തുക ഈടാക്കാന്‍ സാധ്യമായ എല്ലാ നിയമവഴിയും സ്വീകരിക്കുമെന്ന് ചൈനീസ് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.