ജയ് ഭീം,അള്ളാഹു അക്ബര്‍,ജയ്ഹിന്ദ്; ജയ് ശ്രീറാം വിളിച്ച് വരവേറ്റ ബിജെപി അംഗങ്ങള്‍ക്ക് ഒവൈസിയുടെ മറുപടി
ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസാദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി ബിജെപി അംഗങ്ങള്‍. എന്നാല്‍ ജയ് ഭീം, ജയ് മീം, അള്ളാഹു അക്ബര്‍, ജയ്ഹിന്ദ് എന്ന് ഒവൈസി തിരിച്ചടിച്ചു. സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയുടെ പേര് വിളിച്ചതും ബിജെപി അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നു. എന്നാല്‍ വിളിച്ചോളൂ എന്ന തരത്തില്‍ കൈകള്‍ വായുവിലുയര്‍ത്തി ഒവൈസി മൈക്കിനടുത്തേക്കെത്തി.
ആരവങ്ങള്‍ക്കിടെയാണ് ഒവൈസി സത്യവാചകം ചൊല്ലാന്‍ ആരംഭിച്ചത്. ഇതോടെ മുദ്രാവാക്യം വിളി തെല്ലടങ്ങി. ജയ് ഭീം, ജയ് മീം, തക്ബീര്‍ അള്ളാഹു അക്ബര്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് ഒവൈസി പ്രസംഗം ഉപസംഹരിച്ചത്. എന്നെ കാണുമ്പോള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുന്നത് കൊള്ളാം . എന്നാല്‍ ഭാരതത്തിന്റെ ഭരണഘടനയും മുസഫര്‍പൂരില്‍ കുട്ടികള്‍ മരണപ്പെടുന്നതും അവര്‍ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതായിരുന്നു സംഭവത്തില്‍ ഒവൈസിയുടെ പ്രതികരണം.
ബംഗാളില്‍ നിന്നുള്ള പാര്‍ട്ടി എംപി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം മുഴക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിക്കുള്ള മറുപടിയെന്ന തരത്തിലായിരുന്നു ആ നടപടി. ജയ് ശ്രീറാം വിളികള്‍ക്കുള്ള സ്ഥലമല്ല പാര്‍ലമെന്റ് എന്നും അതിന് രാജ്യത്ത് ക്ഷേത്രങ്ങളുണ്ടെന്നുമായിരുന്നു അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണയുടെ പ്രതികരണം.