എം ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തതോടെ സ്വര്‍ണക്കടത്തുള്‍പ്പെടെ എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണമാണെങ്കില്‍ രോഗം മുഖ്യമന്ത്രിയാണ്. സ്പ്രിങ്ക്‌ളര്‍ മുതല്‍ ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ നിരവധി കാര്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ സര്‍ക്കാരും സിപിഎമ്മും പ്രതിപക്ഷത്തെ പരിഹസിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളം ശരിയാണെന്ന് വ്യക്തമായി.
മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കര്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ ഓരോന്നായി പുറത്തുവരും.ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും അഴിമതി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ചോദ്യം ചെയ്യണം. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവെച്ച് നിയമത്തിന് കീഴടങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തെന്നുപറഞ്ഞാല്‍ മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്തതിന് തുല്യമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍വപ്രതാപിയും മുഖ്യമന്ത്രിയുടെ മനസ്സാക്ഷിയും മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങള്‍ താന്‍ എടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഫയലില്‍ ഒപ്പുവെയ്ക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ മഹാനായ ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കറെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ധാര്‍മ്മികതയും അഭിമാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം. നല്ല കമ്മ്യൂണിസ്റ്റുകാരും ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ രാജിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.