'പി.ടി തോമസിനെതിരായ വ്യാജപ്രചരണം കാണ്ടാമൃഗത്തെ ലജ്ജിപ്പിക്കുന്നത്'; ശ്രമിച്ചത് സിപിഎം കുടുംബത്തെ രക്ഷിക്കാനെന്ന് ഉമ്മന്‍ചാണ്ടി

'പി.ടി തോമസിനെതിരായ വ്യാജപ്രചരണം കാണ്ടാമൃഗത്തെ ലജ്ജിപ്പിക്കുന്നത്'; ശ്രമിച്ചത് സിപിഎം കുടുംബത്തെ രക്ഷിക്കാനെന്ന് ഉമ്മന്‍ചാണ്ടി
Published on

പി.ടി തോമസ് എം.എല്‍.എക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാനാണ് പി.ടി തോമസ് ശ്രമിച്ചത്. എം.എല്‍.എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചരണം കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്നതാണെന്നും വാര്‍ത്തക്കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു.

കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം പോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പി.ടി തോമസിനെ മുഖ്യമന്ത്രിയും സി.പി.എമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ അന്ധത ബാധിച്ച് പി.ടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃത്തിയായിരുന്നു അത്.

എം.എല്‍.എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്‍. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നിലവിളി കേട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പി.ടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in