മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന രീതികള്‍ അംഗീകരിക്കാനാകില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
പൊതു ജനത്തെ മാസ്‌ക് പോലും ധരിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇത് അനുവദിക്കാനാകില്ല. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്നത് നിര്‍ഭാഗ്യകരമാണ്. കൊടിയില്ലെങ്കില്‍ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്്ത്രം ധരിക്കാന്‍ അനുവദിക്കാത്തതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ പരിപാടികള്‍ ഈ രീതിയില്‍ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കണണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സുരക്ഷ കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരിപാടികളില്‍ പങ്കെടുക്കുന്നവരോട് കറുത്ത വസ്ത്രം ധരിക്കരുതെന്നും കറുത്ത മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.