'വാക്‌സിനെടുക്കാത്തവര്‍ക്ക് റേഷനും, പെട്രോളും, പാചകവാതകവും ഇല്ല, സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം'; ഉത്തരവുമായി ഔറംഗബാദ്

'വാക്‌സിനെടുക്കാത്തവര്‍ക്ക് റേഷനും, പെട്രോളും, പാചകവാതകവും ഇല്ല, സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം'; ഉത്തരവുമായി ഔറംഗബാദ്
Published on

കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാ ഭരണകൂടം. വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാത്തവര്‍ക്ക് റേഷന്‍ കടകളില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ നല്‍കരുതെന്നും, ഇന്ധനമോ, പാചകവാതകമോ കൊടുക്കരുതെന്നുമാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കളക്ടര്‍ സുനില്‍ ചവാന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഒരു ഡോസ് വാകസിനെങ്കിലും എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. പ്രതിരോധവകുപ്പ് പ്രതീക്ഷിച്ച രീതിയില്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് മുന്നേറുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഗ്യാസ് ഏജന്‍സികള്‍ക്കും, പെട്രോള്‍ പമ്പുകള്‍ക്കും ഉള്‍പ്പടെ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദേശം പാലിക്കാത്ത കടയുടമകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജില്ലയിലെ ചരിത്ര സ്മാരകങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വിലക്കുണ്ട്. സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും നവംബര്‍ അവസാനത്തോടെ ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം.

ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ്, അധികാരികള്‍ ജനങ്ങള്‍ക്കായി ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നാണ് പൗരപ്രവര്‍ത്തകനായ രാം ബഹേതി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in