‘ലോകം വളരെ മാറിയിരിക്കുന്നു’; 8 മാസത്തെ തടങ്കലിന് ശേഷം ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം
എട്ടുമാസത്തെ തടങ്കലിന് ശേഷം ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം. ലോകം വളരെ മാറിയിരിക്കുന്നുവെന്ന് പുറത്തിറങ്ങിയ ശേഷം ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. 232 ദിവസത്തെ തടങ്കലിനൊടുവില്‍ ഹരി നിവാസില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് 5ന് ഉണ്ടായിരുന്നതിനേക്കാള്‍ ലോകം വളരെ മാറിയിരിക്കുന്നുവെന്നു അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ജമ്മുകാശ്മീര്‍ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5നാണ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഒമര്‍ അബ്ദുള്ളയ്ക്ക് ഇപ്പോഴും രാഷ്ട്രീയ ശേഷിയുണ്ടെന്ന വാദത്തിന് പുറത്തായിരുന്നു ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിനെതിരെ ചുമത്തിയ പിഎസ്എ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു മോചനം. വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന്, ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തടങ്കലിലായിരുന്ന ഫാറൂഖ് അബ്ദുള്ളയെ ജമ്മു കാശ്മീര്‍ ഭരണകൂടം നേരത്തെ മോചിപ്പിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. മെഹ്ബൂബ മുഫ്തിയുടെ മോചനവും സാധ്യമാകണമെന്ന് പുറത്തിറങ്ങിയ ശേഷം ഒമര്‍ അബ്ദുള്ള പറഞ്ഞു. ജീവിതവും മരണവും തമ്മിലുള്ള യുദ്ധത്തിലാണ് ഇപ്പോള്‍ നമ്മളെന്ന് ഞാന്‍ ഇന്ന് മനസിലാക്കി. ഈ സമയത്ത് തടങ്കലിലാക്കിയിരിക്കുന്ന എല്ലാവരെയും മോചിപ്പിക്കണമെന്നും, കൊറോണ വൈറസിനെതിരെ പോരാടാന്‍ എല്ലാവരും സര്‍ക്കാരിനെ അനുസരിക്കണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.