'മാതൃഭൂമി അറിയാന്‍, ഞാന്‍ എന്‍.എസ്.ഓമനക്കുട്ടന്‍, സത്യത്തിന് ഒരു മുഖമേയുള്ളൂ'; കുറിപ്പ്

'മാതൃഭൂമി അറിയാന്‍, ഞാന്‍ എന്‍.എസ്.ഓമനക്കുട്ടന്‍, സത്യത്തിന് ഒരു മുഖമേയുള്ളൂ'; കുറിപ്പ്
Published on

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങളെത്തിച്ച ഓട്ടോയ്ക്ക് പണം തികയാതെ വന്നപ്പോള്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിച്ചതിന് കുറ്റവാളിയാക്കപ്പെട്ടയാളാണ് സി.പി.എം നേതാവ് ഓമനക്കുട്ടന്‍. ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരലായിരുന്നു അന്ന് ഓമനക്കുട്ടനെതിരെ വാര്‍ത്തകള്‍ വന്നത്. പിന്നീട് സത്യാവസ്ഥ പുറത്ത് വരികയും ചെയ്തു. മകള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചതോടെ ഇപ്പോള്‍ വീണ്ടും ഓമനക്കുട്ടന്റെ പേര് ചര്‍ച്ചയാകുകയാണ്.

ഇതിനിടെ തന്നെകുറിച്ചും, തന്റെ പാര്‍ട്ടിയെ കുറിച്ചും മാതൃഭൂമി നടത്തിയ പ്രയോഗം വസ്തുതാവിരുദ്ധമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓമനക്കുട്ടന്‍. സത്യത്തിന് ഒരു മുഖം മാത്രമേയുള്ളൂ എന്ന് പറഞ്ഞാണ് ഓമനക്കുട്ടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'മാതൃഭൂമി അറിയാന്‍....

ഞാന്‍ എന്‍.എസ്.ഓമനക്കുട്ടന്‍.

സി.പി.ഐ.എം പ്രവര്‍ത്തകനാണ്.

എന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെറിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചകാര്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.

ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാന്‍ കഴിഞ്ഞ എനിക്ക് എന്റെ മകള്‍ക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നല്‍കുന്നതാണ്.

എന്നെക്കുറിച്ചും എന്റെ പാര്‍ട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തില്‍ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.

'2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സര്‍ക്കാര്‍ തന്നെ മാപ്പു പറയുകയും ചെയ്ത......

ബഹുമാന്യ മാധ്യമസുഹൃത്തെ

ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങള്‍ മാധ്യമങ്ങളാണ്.നിങ്ങള്‍ക്കത് ഒരു ചൂട് വാര്‍ത്തയായിരുന്നു.

എന്നെയല്ല നിങ്ങള്‍ ഉന്നം വച്ചത് എന്റെ പാര്‍ട്ടിയെയും എല്‍.ഡി.എഫ്.ഗവണ്‍മെന്റിനെയുമായിരുന്നു.

നിങ്ങള്‍ നല്‍കിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ട്ടി നേതൃത്വവും തെറ്റായകാര്യങ്ങള്‍ കര്‍ശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.

ഒരു സാധാരണപ്രവര്‍ത്തകനായഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തേണ്ടി വന്നു.

സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in