നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ ടീം വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മ്മന്‍ ടീമിനെ തോല്‍പ്പിച്ചത്.
41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ സ്വന്തമാക്കിയ ഈ വെങ്കല നേട്ടത്തിന് പിന്നില്‍ ഒരു മലയാളി കൂടിയുണ്ട്. മലയാളിയായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്.
49 വര്‍ഷത്തിന് ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി കൂടിയാണ് ശ്രീജിത്ത്. 2006 മുതല്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്.
വ്യാഴാഴ്ച വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്തപ്പോള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ഇന്ത്യയുടെ രക്ഷകനായത് ശ്രീജേഷായിരുന്നു. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് തവണയണ് ശ്രീജേഷ് ടീമിന്റെ രക്ഷകനായത്. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.
കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 2013ലെ ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി.