കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്നത് സത്യമാണെന്ന് വെളപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.
1991ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും വോട്ടുകച്ചവടം നടത്തിയെന്നാണ് ആത്മകഥയില്‍ രാജഗോപാല്‍ പറയുന്നത്. പക്ഷെ വോട്ടുകച്ചവടം നടത്തിയത് ബി.ജെ.പിക്ക് തിരിച്ചടിയായെന്നും രാജഗോപാല്‍ പറയുന്നു.
പി.പി. മുകുന്ദന്റെ പരിചയക്കുറവ് എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുത്തു കെ.ജി മാരാര്‍ക്കും രാമന്‍പിള്ളയ്ക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ല. അങ്ങനെ എല്‍.ഡി.എഫ് ഉന്നയിച്ച കോലീബി എന്ന ആക്ഷേപം മാത്രം ബാക്കിയായി എന്നാണ് ആത്മകഥയില്‍ പറയുന്നത്.
ഞായറാഴ്ചയാണ് ഗോവ ഗവര്‍ണറും മുന്‍ ബി.ജെ.പി അധ്യക്ഷനുമായിരുന്ന പി.എസ് ശ്രീധരന്‍പിള്ള രാജഗോപാലിന്റെ ആത്മകഥ പ്രകാശനം ചെയ്തത്. ബി.ജെ.പി വോട്ട് കൂടി നേടിയാണ് അന്നത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയിക്കാനായതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
1991ലെ ബി.ജെ.പി കോണ്‍ഗ്രസ് ധാരണയെക്കുറിച്ച് കെ.ജി മാരാറും നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സഖ്യത്തെക്കുറിച്ച് കെ.ജി മാരാരുടെ പാഴായ പരീക്ഷണം എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായ വിവാദമായിരുന്നു കോലീബി ആരോപണം. ബേപ്പൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താനും കെ.ജി മാരാര്‍ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സഹായിക്കാമെന്നുമായിരുന്നു ധാരണ.
ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയും വടകരയില്‍ അഡ്വ. രത്ന സിങ്ങുമാണ് മത്സരിച്ചത്. മഞ്ചേശ്വരത്തിന് പുറമെ തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് രഹസ്യ പിന്തുണ നല്‍കാമെന്നും യു.ഡി.എഫ് വാഗ്ദാനം നല്‍കി. എന്നാല്‍ ഫലം വന്നപ്പോള്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പോലും ജയിക്കാനായില്ല.