തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടച്ചിടുന്ന തീരുമാനത്തിനെതിരെ എന്‍എസ്എസ്. ആരാധനലായങ്ങള്‍ തുറക്കാന്‍ അനുമതി നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് എന്‍എസ്എസ് ആരോപിച്ചു.
'' ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു എന്നിരിക്കെ, സര്‍ക്കാരിന്റെ ഈ നിലപാട് വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും റദ്ദ് ചെയ്യുന്നതാണ്.
ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകളോടൊപ്പം വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കുവാനുള്ള പുനര്‍ചര്‍ച്ച സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകേണ്ടതാണ്,'' ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
കൊവിഡ് പൊസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രധാനമായും നാലുമേഖലകളായാണ് തിരിച്ചിരിക്കുന്നത്. മദ്യശാലകള്‍ ഉള്‍പ്പെടെ തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് കൃത്യമായി നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം നിയന്ത്രിതമായ തോതിലെങ്കിലും ആരാധനാലയങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം.