ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. തൃക്കാക്കര മണ്ഡലത്തില്‍ നടന്ന സംഭവമാണ് നടിയുടെ പീഡനമെന്നും അതിനെത്തുടര്‍ന്ന് നടത്തിയ പഠനമായതുകൊണ്ടുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകണമെന്നുമാണ് എന്‍.എസ് മാധവന്‍ ആവശ്യപ്പെട്ടത്. സ്ത്രീകളുടെ വോട്ടിന് യാതൊരു വിലയും ഇല്ലേ എന്നും എന്‍.എസ് മാധവന്‍ ചോദിക്കുന്നു.
'തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?,' എന്‍.എസ്. മാധവന്‍ പറഞ്ഞു.
എന്‍.എസ് മാധവന്റെ ട്വീറ്റിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് രംഗത്തെത്തി. സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്ന പിടിവാശി എന്തിനാണ്? രാജ്യസുരക്ഷയെ ബാധിക്കുന്ന വല്ലവിവരവും റിപ്പോര്‍ട്ടില്‍ ഉണ്ടോ? ആരെ സംരക്ഷിക്കാനാണ് ഈ തത്രപ്പാട്? കെസി ജോസഫ് ചോദിച്ചു.
അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാ ജനകമായിരുന്നെന്നും ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച വിളിക്കണമെന്ന യോഗത്തിന് ശേഷം് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.