ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സിനിമ മേഖലയിലും സംഘടനകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കാന്‍ പോകുന്നു എന്ന മന്ത്രി സജി ചെറിയാന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എന്‍.എസ് മാധവന്‍. കൊച്ചിയില്‍ ആരംഭിച്ച പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന വേദിയിലെ സ്ത്രീ സാന്നിധ്യത്തിന്റെ കുറവും ചൂണ്ടിക്കാണിച്ചായിരുന്നു എന്‍.എസ് മാധവന്‍ ഇക്കാര്യം പറഞ്ഞത്.
സ്ത്രീ സുരക്ഷ എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങിപ്പോവാതിരിക്കട്ടെയെന്നും സാംസ്‌കാരിക വേദികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.
എന്‍.എസ് മാധവന്റെ വാക്കുകള്‍
സിനിമ മേഖലയിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് നിയമനിര്‍മ്മാണം നടക്കുന്നു എന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് വളരെ ആശ്വാസകരമാണ്. കാരണം, ഈ സദസ്സില്‍ രണ്ട് ശക്തരായ സ്ത്രീകളൊഴിച്ച് ബാക്കിയെല്ലാം പുരുഷ സാന്നിധ്യമാണ്. ഈ വേദിയിലും സ്ത്രീ സാന്നിധ്യം ഉണ്ടെങ്കിലേ നമ്മുടെ ഉള്ളിലിരിപ്പും സ്ത്രീകള്‍ക്ക് അനിയോജ്യമാണ് എന്ന് പറയാനാകൂ. വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന ഒരു കാര്യമായി ഇത് മാറാതിരിക്കട്ടെ. ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും ആദ്യത്തെ നിയമ നിര്‍മ്മാണമാണ് ഇവിടെ നടപ്പിലാകാന്‍ പോകുന്നത് എന്നത് അഭിമാനകരമാണ്.