നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ ദിലീപ് സുപ്രീം കോടതിയില്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ഒരാളെക്കുറിച്ച് പറയുന്ന ഏറ്റവും നീചമായ കാര്യമാണിത്. രണ്ട് പെണ്‍മക്കളുള്ള ആളാണ് അതിജീവിത സഹതാപം നേടാന്‍ ശ്രമിക്കുകയാണ് എന്ന് പറയുന്നതെന്ന് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. കേസ് വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് അതിജീവിതയെന്ന് പ്രഖ്യാപിക്കുകയെന്ന് ഹര്‍ജിയില്‍ ദിലീപ് ചോദിക്കുന്നു. നടിക്കെതിരെ ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ടെന്നും ആക്രമിച്ച് പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണെന്നുമെല്ലാം ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ദിലീപ് ആരോപിക്കുന്നു.