സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയന്തി ഘോഷ്, ആക്ടിവിസ്റ്റ് അപൂര്‍വാനന്ദ തുടങ്ങിയവരെ ഡല്‍ഹി കലാപക്കേസിന്റെ ഗൂഢാലോചനാകുറ്റത്തില്‍ പ്രതിചേര്‍ത്തെന്ന വാര്‍ത്ത നിഷേധിച്ച് പൊലീസ്. കുറ്റാരോപിതരുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നതെന്നും ഇവരെ പ്രതിചേര്‍ത്തിട്ടില്ലെന്നുമാണ് വിശദീകരണം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ കുറ്റാരോപിതയായ ഗുല്‍ഫിഷ ഫാത്തിമയുടെ മൊഴിയില്‍ നേതാക്കളുടെ പേരുണ്ടെന്ന് പി.ടി.ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. നേതാക്കള്‍ കലാപം ആസൂത്രണം ചെയ്യാന്‍ സഹായിച്ചെന്ന് മൊഴിയുണ്ടെന്നായിരുന്നു വാര്‍ത്ത.
കുറ്റാരോപിതരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും കുറ്റം ചുമത്താനാകില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ചില പേരുകള്‍ അവര്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാകൂവെന്നും ഡല്‍ഹി പൊലീസ് വക്താവ് അറിയിച്ചു. കുറ്റപത്രത്തില്‍ പേരുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിശക് ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരുന്നു. തന്റെയും യെച്ചൂരിയുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടേയുള്ളൂവെന്നും ഗൂഢാലോചനാകുറ്റം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പി.ടി.ഐ വാര്‍ത്ത തിരുത്തുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്‍ക്കുമെന്നുമായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. മോദി സര്‍ക്കാരിന് ചോദ്യങ്ങളെ ഭയമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.