ഇപ്പോഴും കോണ്‍ഗ്രസ്സുകാരനെന്നും ബിജെപിയില്‍ ചേരില്ലെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി അദ്ധ്യക്ഷപദവയില്‍ നിന്നും പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ്. നടപടി വന്ന് 24 മണിക്കൂര്‍ പോലുമായിട്ടില്ല. സ്വീകരിക്കേണ്ട അടുത്ത നടപടിയെക്കുറിച്ച് അനുയായികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സച്ചിന്‍ ഇന്‍ഡ്യ ടുഡെയോട് പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ ബിജെപിയില്‍ ചേരില്ല. എന്‌റെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് ഈ ഘട്ടത്തില്‍ പറയാനുള്ളത്. ഞാന്‍ ഒരു ബിജെപി നേതാവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. 6 മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബിജെപി നേതാവ് ഓം മാതുറിനെയും കണ്ടിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയാകുകയെന്നതല്ല വിഷയം. ഞാന്‍ നയിച്ച് പാര്‍ട്ടി 2018 ല്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിരുന്നു. അതിന് എനിക്ക് തക്തതായ കാരണങ്ങളുണ്ട്.
200 അംഗ സഭയില്‍ 21 സീറ്റിലേക്ക് ചുരുങ്ങിയ നിലയിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷം ഗെഹ്ലോട്ട് ഒരക്ഷരം പറഞ്ഞിട്ടില്ല. വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തുറന്നുകാട്ടി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ വിജയത്തിന് ശേഷം ഗെഹ്‌ലോട്ട് അദ്ദേഹത്തിന്റെ അനുഭവ പരിചയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. 99 ലും 2009 ലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ഇതിന് പിന്നാലെ 56 എംഎല്‍എമാരുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് 26 ലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ബൂത്തില്‍ പോലും പിന്നോക്കം പോയി. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ ഞാന്‍ അംഗീകരിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഞാന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. അധികാരത്തില്‍ തുല്യ ഇടപെടല്‍ സാധ്യമാക്കണമെന്ന് ഗെഹ്ലോട്ടിനോട് രാഹുല്‍ നിര്‍ദേശിച്ചതുമാണ്. എന്നാല്‍ എന്നെ മൂലയ്ക്കിരുത്താനാണ് അദ്ദേഹം ശ്രമിച്ചത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഗെഹ്ലോട്ട് ക്യാപ് എനിക്കെതിരെ നീക്കങ്ങള്‍ കടുപ്പിച്ചു. അതോടെയാണ് വിഷയം ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമായത്. ബഹുമാന്യമായ പ്രവര്‍ത്തന അന്തരീക്ഷമാണ് ഞാന്‍ ആവശ്യപ്പെട്ടത്. അല്ലാതെ മുഖ്യമന്ത്രി പദം എന്നതല്ല. ഇത് അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുമാണ്. വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ അതേ നിലപാടുകള്‍ ഗെഹ്ലോട്ടും പിന്‍തുടരുകയാണ്. അത് അംഗീകരിക്കാനാകില്ലെന്നും സച്ചിന്‍ പൈലറ്റ് ഇന്‍ഡ്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.