മസാല ബോണ്ട് കേസിലെ ഇ.ഡി അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബി ആവശ്യം തള്ളി ഹൈക്കോടതി. ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായതായി സംശയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇഡിയ്ക്ക് അന്വേഷണം നടത്തിക്കൂടെ എന്ന് കോടതി കിഫ്ബിയോട് ചോദിച്ചു.
മസാല ബോണ്ട് വിതരണമടക്കമുള്ള കാര്യങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോട് കൂടിയാണ് നടന്നത്. അതില്‍ ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായിട്ടില്ല. ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായോ എന്ന് പരിശോധിക്കേണ്ടത് റിസര്‍വ് ബാങ്ക് ആണ് എന്നാണ് കിഫ്ബി കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. മറുപടി സത്യവാങ്മൂലം നല്‍കാന്‍ സാവകാശം വേണമെന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞത്.
സെപ്തംബര്‍ 2ന് മറുപടി സത്യവാങ് മൂലം നല്‍കുമെന്നാണ് ഇ.ഡി അറിയിച്ചത്. ഇതേ തുടര്‍ന്ന് ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹര്‍ജി സെപ്റ്റംബര്‍ 2ന് പരിഗണിക്കാന്‍ മാറ്റി.