സ്‌കൂളില്‍ സിഎഎ വിരുദ്ധ നാടകം; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നാടകത്തില്‍ ഇല്ലെന്നും ബിദാര്‍ ജില്ലാ കോടതി നിരീക്ഷിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നാടകത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുവെന്നാരോപിച്ച് ജനുവരി 30ന് സ്‌കൂള്‍ പ്രധാനാധ്യാപികയെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അമ്മയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷികത്തിനായിരുന്നു വടക്കന്‍ കര്‍ണാടകയിലെ ബിദാര്‍ സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നിലേഷ് രക്ഷ്യാല്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സ്‌കൂള്‍ പൂട്ടിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ മണിക്കൂറുകളോളമാണ് കുട്ടികളെ ചോദ്യം ചെയ്തത്. ഈ നടപടികള്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.