‘മനോ വിഷമമില്ല’; എല്ലാം ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ഓമനക്കുട്ടന്‍
ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിലും അതിനേത്തുടര്‍ന്ന് തനിക്കെതിരെയുണ്ടായ നടപടികളിലും വിഷമം ഇല്ലെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍. താന്‍ ചെയ്തത് ഇവിടുത്തെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. എന്താണ് നടന്നതെന്ന് സര്‍ക്കാരിന് ബോധ്യമായെങ്കില്‍ താന്‍ സന്തോഷവാനാണെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.
പാര്‍ട്ടിയേയും സര്‍ക്കാരിനേയും തകര്‍ക്കാന്‍ വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യത്തില്‍ മാനസികമായ വിഷമമില്ല.
ഓമനക്കുട്ടന്‍
തന്നെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി നടപടി സ്വാഭാവികമാണെന്നും ഓമനക്കുട്ടന്‍ പ്രതികരിച്ചു. എനിക്കെതിരെ നടപടിയുണ്ടായതില്‍ പാര്‍ട്ടിയുടെ ഭാഗത്ത് തെറ്റില്ല. പാര്‍ട്ടി അതിന്റെ ലൈനില്‍ തന്നെ പോയി. പാര്‍ട്ടിക്ക് എന്നെ അറിയാം. ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെയാണ് ആരോപണമുണ്ടായത്. പാര്‍ട്ടി പെട്ടെന്ന് തന്നെ നടപടിയെടുത്തത് അതുകൊണ്ടാണ്. അത് പാര്‍ട്ടിയുടെ രീതിയാണ്. അക്കാര്യത്തില്‍ പ്രതിഷേധമില്ല. ശരിയായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഓമനക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഓമനക്കുട്ടനെതിരായ ‘പണപ്പിരിവ്’ കേസ് പിന്‍വലിച്ച് ക്ഷമാപണം സര്‍ക്കാര്‍ ക്ഷമാപണം നടത്തി. ചേര്‍ത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേല്‍ നല്‍കിയ പോലീസ്സ് പരാതി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നും പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകില്ലെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍ വ്യക്തമാക്കി.
സിപിഐഎം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗമായ എന്‍എസ് ഓമനക്കുട്ടന്‍ ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്നാരോപിക്കുന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. ക്യാംപ് അംഗങ്ങളില്‍ നിന്ന് പിരിവെടുത്തെന്ന് പ്രചാരണമുണ്ടായതോടെ മന്ത്രി ജി സുധാകരന്‍ ക്യാംപില്‍ നേരിട്ടെത്തി. ഇതിന് പിന്നാലെ തന്നെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല തഹസില്‍ദാര്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് ഓമനക്കുട്ടനെതിരെ അര്‍ത്തുങ്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ക്യാംപിലേക്ക് വൈദ്യുതി എത്തിക്കാനും അരി കൊണ്ടുവന്നതിന്റെ ഓട്ടോക്കൂലി നല്‍കാനുമാണ് 70 രൂപ പിരിക്കുന്നതെന്ന് ഓമനക്കുട്ടന്‍ പറയുന്നത് പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. ക്യാംപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഓമനക്കുട്ടനെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് സിപിഐഎം.