കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി. ഇബ്രാഹിംകുഞ്ഞിനെയോ പകരം മകന്‍ അബ്ദുള്‍ ഗഫൂറിനെയോ കളമശേരിയില്‍ മത്സരിപ്പിച്ചാല്‍ ജയസാധ്യത കുറവാണെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മറ്റ് മണ്ഡലങ്ങളിലും ദോഷം ചെയ്യുമെന്നും എറണാകുളം ജില്ലാ കമ്മിറ്റി.
മുസ്ലിംലീഗ് കളമശേരി മണ്ഡലം കമ്മിറ്റിയും ഇബ്രാഹിംകുഞ്ഞിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇക്കുറി മത്സരരംഗത്തുണ്ടാകുമെന്ന രീതിയില്‍ ഇബ്രാംഹിംകഞ്ഞിന്റെ പ്രസ്താവനയുണ്ടായിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് മല്‍സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് എറണാകുളം ജില്ലാ കമ്മിറ്റി ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്.
ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ത്ഥിയായാല്‍ പാലാരിവട്ടംപാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്നും യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നുണ്ട്.
മണ്ഡലത്തിലെ പൊതുപരിപാടികളിള്‍ സജീവമായി ഇക്കുറിയും മല്‍സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് ഇബ്രാഹിംകുഞ്ഞ് നല്‍കുന്നത്. കളമശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു.