‘പരിചയക്കുറവ് കണക്കിലെടുത്ത് വിടുന്നു’; തിരുവനന്തപുരം കളക്ടര്‍ക്കെതിരെ നടപടിയില്ലെന്ന് ടീക്കാറാം മീണ
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം ജില്ല കളക്ടര്‍ക്കെതിരെ തത്ക്കാലം നടപടി സ്വീകരിക്കുന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ടീക്കാറാം മീണ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇനി വീഴ്ച്ചയുണ്ടാകില്ലെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. കളക്ടറുടെ പരിചയക്കുറവ് കണക്കിലെടുത്ത് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവസരം നല്‍കുകയാണ്.
ടീക്കാറാം മീണ
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം നടത്തിയതിലെ വീഴ്ച്ചയും ഏകോപനമില്ലായ്മയുമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം കളക്ടറുടെ പ്രളയകാലത്തെ ചില പ്രവൃത്തികള്‍ വിവാദമായിരുന്നു. ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ വലിയ തോതില്‍ സഹായം ആവശ്യമില്ലെന്ന് അറിയിച്ച് കളക്ടര്‍ ഫേസ്ബുക്ക് ലൈവിലെത്തി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെയായിരുന്നു ഇത്. ലൈവിന് പിന്നാലെ കളക്ടര്‍ അവധിയില്‍ പോയി. തിരുവനന്തപുരം മേയറും ഇപ്പോള്‍ വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രളയബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നും മറ്റും ശേഖരിച്ചതും അയച്ചുകൊടുത്തതും.