കേന്ദ്രം ഡി.പി.ആര്‍ തള്ളിയ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ എല്ലാ നടപടികളും സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് വ്യക്തമായതെന്നും പ്രേമചന്ദ്രന്‍.
സംസ്ഥാന ഗവണ്‍മെന്റിന്റെ അവകാശവാദമെല്ലാം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കി പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സില്‍വര്‍ ലൈനിന് തത്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം സമര്‍പ്പിച്ച ഡി.പി.ആര്‍ അപൂര്‍ണമാണ്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ടെക്നിക്കല്‍ ഫീസിബിലിറ്റ് റിപ്പോര്‍ട്ടില്ല, ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല, പരിസ്ഥിതി പഠനം നടത്തിയിട്ടില്ല എന്നിവ ഡി.പി.ആറില്‍ ഇല്ലെന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതെല്ലാം പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു.
എം.പിമാരായ കെ.മുരളീധരനും എന്‍.കെ പ്രേമചന്ദ്രനും ലോക്സഭയില്‍ കെ.റെയില്‍ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കി കൊണ്ടാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡി.പി.ആര്‍ അപൂര്‍ണമാണെന്ന് അറിയിച്ചിരിക്കുന്നത്.