നാലുപ്രതികളെയും തൂക്കിലേറ്റിയത് ഒരുമിച്ച് ; ആറ് മണിയോടെ മൃതദേഹങ്ങള്‍ നീക്കി
നിര്‍ഭയ കേസിലെ നാല് പ്രതികളെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു. മുകേഷ് കുമാര്‍ സിങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് പരമാവധി ശിക്ഷയ്ക്ക് വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് വധശിക്ഷ നടപ്പാക്കിയത്. ആറ് മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍ നിന്ന് നീക്കുകയും ചെയ്തു. രാജ്യമനസ്സാക്ഷി വിറങ്ങലിച്ച ക്രൂര കൃത്യം നടന്ന് ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചെന്നായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.
ശിക്ഷ തടയാനും നീട്ടിവെയ്ക്കാനും പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നിയമ പോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്ന് വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കൂട്ടുപ്രതിയായിരുന്ന രാം സിങ് 2013 മാര്‍ച്ച് 11 ന് ജയിലില്‍ വെച്ച് ജീവനൊടുക്കി. 2012 ഡിസംബര്‍ 16 ന് രാത്രിയാണ് ക്രൂരമായ ബലാത്സംഗം നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആളൊഴിഞ്ഞയിടത്ത് റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായ ക്ഷതമേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 2013 ഡിസംബര്‍ 29 ന് മരണത്തിന് കീഴടങ്ങി. ശിക്ഷ നടപ്പിലാക്കുന്നത് തടയാന്‍ പ്രതികളുടെ അഭിഭാഷകര്‍ അവസാന മണിക്കൂറുകളിലും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദങ്ങളെല്ലാം നിരാകരിച്ചു. നാലുമണിയോടെ ഹര്‍ജികള്‍ തള്ളിയ വിവരം പ്രതികളെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒരുമിച്ച് തൂക്കിലേറ്റി. വിധി നടപ്പാക്കുമ്പോള്‍ സുപ്രീം കോടതിയുടെ സമീപത്ത് നിര്‍ഭയയുടെ അമ്മ ആശാ ദേവിയും ഭര്‍ത്താവുമുണ്ടായിരുന്നു. ശിക്ഷ നടപ്പായതില്‍ ആള്‍ക്കൂട്ടം ജയിലിന് പുറത്ത് മധുരവിതരണം നടത്തി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.