അവരിപ്പോഴും സമരപ്പന്തലിലാണ്, , ‘ജീവിക്കാന്‍ കാശില്ല, പിന്നെയെങ്ങനെ സിനിമ കാണും’?
വൈറസ് സിനിമ കണ്ടിട്ടില്ല, ജീവിക്കാന്‍ കാശില്ല, പിന്നെയെങ്ങനെ സിനിമ കാണും?. വീട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കഴിവില്ലാത്ത ഞങ്ങളെങ്ങനെയാണ് ഈ സമയത്ത് സിനിമ കാണുക. ചെറിയ മക്കളുണ്ട്. വൈറസില്‍ ജോജു ചെയ്ത കഥാപാത്രം ബാബു മകന് വേണ്ടി പുതിയ ബാഗ് തിരഞ്ഞെടുക്കുന്ന നല്ല കാഴ്ചയാണ് സിനിമയുടെ അവസാന ഭാഗത്തുള്ളത്. വൈറസ് തിയ്യേറ്റര്‍ കീഴടക്കുമ്പോള്‍ ബാബുവെന്ന കഥാപാത്ര സൃഷ്ടിക്ക് പ്രേരണയായ ഇ പി രാജേഷും കെ യു ശശിധരനും സമരപന്തലിലാണ്. ഇവരുള്‍പ്പെടെ നിപ ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത 47 പേരാണ് സ്ഥിരനിയമനമെന്ന വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിലുള്ളത്. മരണം മുന്നില്‍ കണ്ട് ജോലി ചെയ്തവരെ സര്‍ക്കാര്‍ അവഗണിക്കുന്നത് നീതികേടല്ലേയെന്ന് ചോദിക്കുന്നു രാജേഷ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാലിന്യങ്ങള്‍ മഴയത്ത് നീക്കം ചെയ്യുന്ന രണ്ട് അറ്റന്‍ഡര്‍മാരുടെ ചിത്രം നിപാ ദിനങ്ങളുടെ ഓര്‍മ്മചിത്രമായി മാറിയിരുന്നു. മാതൃഭൂമിയിലെ സാജന്‍ വി നമ്പ്യാര്‍ എടുത്ത ചിത്രം നിപയുടെ ഭീകരതയും അതിജീവന ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതായിരുന്നു. കരാര്‍ ജീവനക്കാരായ ഇ പി രാജേഷും കെ യു ശശിധരനുമായിരുന്നു രൂപവും മുഖവും മറച്ച ആ ചിത്രത്തില്‍. വൈറസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതേ ചിത്രമായിരുന്നു.
ഒരുവര്‍ഷത്തിനിപ്പുറം നിപയെ വീണ്ടും അതിജീവിച്ചെന്ന് ആശ്വസിക്കുന്ന ഘട്ടത്തിലും അവഗണനയുടെ കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്.
വളരെ വലിയ റിസ്‌കാണ് ഞങ്ങള്‍ അന്നെടുത്ത്. മരുന്ന് പോലും കണ്ടെത്താത്ത രോഗമാണ്. മരണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഈ വര്‍ഷം നിപയെ പിടിച്ചു കെട്ടി എന്ന പറയുന്നവര്‍ കഴിഞ്ഞ വര്‍ഷം ഞങ്ങളെടുത്ത റിസ്‌കിന്റെ പകുതി പോലും എടുത്തിട്ടില്ല. ഇപ്പോള്‍ മരുന്നുണ്ട്. പ്രതിരോധിച്ചതെങ്ങനെയെന്നറിയാം. അന്ന് ഇതൊന്നും അറിയാത്ത സമയത്തല്ലേ ഞങ്ങള്‍ ഇതിനിറങ്ങിയത്. ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് 29 പേര്‍ക്ക് ജോലി നല്‍കിയെന്നാണ്. ഞങ്ങള്‍ക്ക് ജോലി ലഭിച്ചിട്ടില്ല. പിന്നെ ആരാണ് ആ 29 പേര്‍.
രാജേഷ്
സാമൂഹ്യ ബഹിഷ്ണകരണം ഉള്‍പ്പെടെ അനുഭവിച്ചാണ് നിപ കാലത്ത് ജോലി ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ അയല്‍വാസികള്‍ അനുവദിക്കാത്തവരുണ്ട്. പരിചയക്കാര്‍ സംസാരിക്കാന്‍ പോലും നിക്കാതെ ഓടിപ്പോയിട്ടുണ്ട്. ബസില്‍ ടിക്കറ്റ് കൈയ്യില്‍ തരാതെ എറിഞ്ഞു തന്നിട്ടുണ്ട്. എന്നാല്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. മരണ ഭയം കൊണ്ടാണ് എല്ലാവരും അകറ്റി നിര്‍ത്തിയതെന്നാണ് ഇവരുടെ പക്ഷം.
പിപിഇ കിറ്റും ധരിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് ശശിധരന്‍ പറയുന്നു. മെയ് 22 മുതല്‍ ജൂണ്‍ 30 വരെ ഞാനൊന്നും പുറംലോകം കണ്ടിട്ടില്ല. വീട്-ഹോസ്പിറ്റല്‍ ഇതായിരുന്നു ലോകം. കിറ്റ് ധരിച്ച് കഴിഞ്ഞാല്‍ മരുഭൂമിയില്‍ നില്‍ക്കുന്നത് പോലെയാണ്. ഒരുതുള്ളി വിയര്‍പ്പ് പുറത്ത് പോകില്ല. ആറ് മണിക്കൂറാണ് ഇതും ധരിച്ച് മൂത്രമൊഴിക്കാതെ, വെള്ളം കുടിക്കാതെ നിന്നത്. ഇതിനൊക്കെ പോകണമെങ്കില്‍ വിലകൂടിയ ഈ കിറ്റ് അഴിച്ച് വെക്കണം. പിന്നെ വേറെ ഇടേണ്ടി വരും. അതുകൊണ്ടാണ് ഞങ്ങള്‍ ക്ഷമിച്ച് നിന്നത്. രണ്ട് മണിക്കൂറ് ഇടവിട്ട് ഡോക്ടര്‍മാരുടെ പേന ഉള്‍പ്പെടെ വൃത്തിയാക്കണം. ഇതാണ് ശശിധരന് ഓര്‍ത്തെടുക്കാനുള്ള നിപാ ദിനങ്ങള്‍.
നിപ പ്രതിരോധത്തിന്റെ ഭാഗമാകുമ്പോള്‍ സ്ഥിരം ജോലി സ്വപ്നം കണ്ടിരുന്നില്ല ഇവര്‍. എന്നാല്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തപ്പോല്‍ പ്രതീക്ഷയായി. പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയപ്പോഴാണ് സമരത്തിനിറങ്ങിയത്. രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണ് നിയമനം നടക്കാത്തതെന്ന് ഇവര്‍ ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂണിയന്‍ നേതാക്കളാണ് പിന്നില്‍. അവര്‍ക്ക് താല്പര്യമുള്ളവര്‍ക്ക് ജോലി കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും സമരക്കാര്‍ പറയുന്നു.
മുുഖ്യമന്ത്രി വിചാരിച്ചാല്‍ പോലും ഞങ്ങളെ സ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നാണ് കോഴിക്കോട്ടെ ജനകീയ നേതാവ് പറഞ്ഞത്. ഒരു മന്ത്രിയും ജനകീയ നേതാവും ഇതിന് പിന്നിലുണ്ടെന്ന് എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ശശിധരന്.
വൈറസ് റിലീസിന് പിന്നാലെ തങ്ങളുടെ ഫോട്ടോ വച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നതും ജോജുവിന്റെ കഥാപത്രത്തിന്റെ പ്രേരണയായെന്ന് കേള്‍ക്കുന്നതും ആഹ്ലാദിപ്പിക്കുന്നുണ്ടെന്ന് രാജേഷും ശശിധരനും പറയുന്നു. എന്നാല്‍ വൈറസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സാമൂഹ്യവിഷയങ്ങളില്‍ ഇടപെടുന്നവരാണെന്നും സമരത്തെ ഇവര്‍ പിന്തുണയ്ക്കണമെന്നാണ് ആഗ്രഹമെന്നും പറയുന്നു ഇരുവരും. ഒപ്പം മറ്റൊന്ന് കൂടി
വൈറസ് കാണാതിരിക്കില്ല, ഞങ്ങളുടെ സിനിമയല്ലേ. ഇങ്ങനെ ബുദ്ധിമുട്ടായത് കൊണ്ടാണ് കാണാന്‍ പറ്റാത്തത്.