സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശേരി സ്വദേശിയാണ്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 10.50ന് ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ നിപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തി രോഗം നിപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്. സുഹൃത്തിനും രോഗലക്ഷണങ്ങളുള്ളതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ 24-ാമത് നിപ മരണമാണ് ഇത്. പത്താം തിയതിയാണ് കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായത്. തുടര്‍ന്ന് പാണ്ടിക്കാട് ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19-ാം തിയതിയാണ് മിംസ് ആശുപത്രിയില്‍ എത്തിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മിംസില്‍ വെച്ച് നടത്തിയ സ്രവ പരിശോധന പൊസിറ്റീവായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലുള്ള റീജിയണല്‍ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബിലും തിരുവനന്തപുരത്തെ വൈറോളജി ലാബിലും സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. സ്ഥിരീകരണത്തിനായി പൂനെ വൈറോളജി ലാബിലേക്കും സ്രവം അയച്ചു.
നിപ കണ്ടെത്തിയ സാഹചര്യത്തില്‍ മലപ്പുറത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജില്ലയിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. പാണ്ടിക്കാട് പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. മറ്റു സ്ഥലങ്ങളിലേക്ക് പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുത് എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളൂ. മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പരിപാടികള്‍ക്കു ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 0483-2732010, 0483-2732050, 0483-2732060, 0483-2732090.
രോഗം ബാധിച്ച കുട്ടിയുടെ കഴിഞ്ഞ ദിവസങ്ങളിലെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ യാത്രാ വിവരങ്ങളാണ് റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 214 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 60 പേര്‍ ഹൈറിസ്‌ക്ക് കാറ്റഗറിയിലാണുള്ളത്. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍, കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ നേരത്തേ തന്നെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു.