മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഒമ്പതാം ക്ലാസ്സുകാരന് നിപ്പ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. പാണ്ടിക്കാട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾക്ക് പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം. മറ്റു സ്ഥലങ്ങളിലേക്ക് പോയി പഠിക്കുന്ന വിദ്യാർത്ഥികൾ പഞ്ചായത്ത് വിട്ട് പോകരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ.
കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുളളൂ. മുൻകൂട്ടി തീരുമാനിച്ച എല്ലാ പരിപാടികൾക്കു ആൾക്കൂട്ടം ഒഴിവാക്കണമെന്നും നിർദേശം നൽകി. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. കൺട്രോൾ റൂം നമ്പറുകൾ- 0483-2732010, 0483-2732050, 0483-2732060, 0483-2732090.
രോഗം ബാധിച്ച കുട്ടിയുടെ കഴിഞ്ഞ ദിവസങ്ങളിലെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 11 മുതൽ 15 വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ യാത്രാ വിവരങ്ങളാണ് റൂട്ട് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 214 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 60 പേർ ഹൈറിസ്‌ക്ക് കാറ്റഗറിയിലാണുള്ളത്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ, കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരെ നേരത്തേ തന്നെ ക്വാറന്റെെനിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു വിദ്യാർത്ഥിക്ക് കൂടെ പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
വെന്റിലേറ്റർ സഹായത്തോടെയാണ് രോഗബാധിതനായ പതിനാലുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം വന്നത്. കുട്ടിയുടെ സ്രവമെടുത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാട്ട് പരിശോധനയിലും ഫലം പോസറ്റീവ് ആയിരുന്നു.