അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ജയില്‍ മോചിതയാക്കിയ നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും, ജീവിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം ലഭിച്ചതായും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
ദൈവത്തോട് നന്ദിപറയുകയാണ്. സത്യസന്ധമായ ഒരു കാര്യത്തിന് വേണ്ടിയാണ് ഇത്രയും കാലം അലഞ്ഞതെന്നും ബിന്ദു. അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ വിവിധ ജയിലുകളിലായിരുന്ന ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തില്‍ നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികളാണുള്ളത്.
2016ലാണ് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേരാനായി നിമിഷ ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നേരത്തെ അഫ്ഗാനിസ്ഥാന്‍ തയ്യാറായിരുന്നെങ്കിലും, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.