മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന സാഹചര്യം അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയെങ്കിലും നാണം കെടാതെ രാജി വച്ച് പോകുന്നതാണ് ജലീലിന് നല്ലത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. പെരുമാറ്റദൂഷ്യത്തിനാണ് ശിവശങ്കറിനെ പുറത്താക്കിയതെങ്കില്‍ അതിനെക്കാള്‍ ഗുരുതരമല്ലേ തീവ്രവാദവുമായുള്ള ബന്ധവും, സ്വര്‍ണ്ണക്കടത്തും അന്വേഷിക്കുന്ന സംഘം മന്ത്രിയെ ചോദ്യം ചെയ്യുന്നത്.
അന്വേഷണം തനിക്ക് നേരെ വരുമെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. ഇതറിഞ്ഞുള്ള മുന്‍കൂര്‍ ജാമ്യമായായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെ സംരക്ഷിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത് പോലൊരു സംഭവം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി മറ്റെന്തൊക്കെയോ ഭയപ്പെടുന്നുണ്ട്. ഷെഡ്യൂള്‍ഡ് ക്രൈംസ് അന്വേഷിക്കുന്ന ഏജന്‍സി ഒരു സംസ്ഥാന മന്ത്രിയെ ചോദ്യം ചെയ്യുമ്പോള്‍ അതില്‍ ഗൗരവമില്ലേ.
ഇന്ന് രാവിലെ ആറ് മണിക്കാണ് കെ.ടി ജലീല്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരായത്. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ എം യൂസുഫിന്റെ കാറിലാണ് കെ.ടി ജലീല്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിയത്.
യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്‍ വിതരണം നടത്തിയതിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടന്നോ എന്ന് എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നിവ സംബന്ധിച്ചും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇന്നലെ എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥര്‍ ഇഡി കൊച്ചി ഓഫീസിലെത്തി ജലീലിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിരുന്നു