നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; കുട്ടികള്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; കുട്ടികള്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം
Published on

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഉടമയുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികള്‍ക്ക് കൈമാറും. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുത്തു.

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തി സ്ഥലമുടമ വസന്തയെ പോയി കണ്ടുവെന്ന് ബോബി ചെമ്മണ്ണൂര്‍ മനോരമ ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി വാങ്ങിയത്.

കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

കോടതി ഉത്തരവ് പ്രകാരം വീടൊഴിപ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച് ദമ്പതികളായ രാജനും അമ്പിളിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീകൊളുത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടക്കുന്നതിനായി കുഴിയെടുക്കുന്ന മകന്‍ പൊലീസിനെതിരെ കൈ ചൂണ്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. കുട്ടികളെ സഹായിക്കുന്നതിനായി സര്‍ക്കാരും യുവജനസംഘടനകളും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in