പ്രതിപക്ഷ രീതികള്‍ മാറും കോണ്ഗ്രസും, ആദ്യ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ നല്‍കിയ ആറ് സൂചനകള്‍

പ്രതിപക്ഷ രീതികള്‍ മാറും കോണ്ഗ്രസും, ആദ്യ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ നല്‍കിയ
 ആറ് സൂചനകള്‍
Published on

കേരളത്തിലെ കോണ്‍ഗ്രസിന് വലിയ മാറ്റം വേണമെന്ന ബോധ്യത്തിലാണ് താന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് എന്നാണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മഹാമാരിയുടെ കാലത്ത് സര്‍ക്കാരിനൊപ്പം തന്നെ നിന്ന് ജനജീവിതം മെച്ചപ്പെടുത്താനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രതിപക്ഷവുമുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരാജയങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ട് പോകുമെന്നതിന് വിഡി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ സൂചനകള്‍

1. കേരളത്തിലെ കോണ്‍ഗ്രസിലെയും യുഡിഎഫിനെയും ഐതിഹാസിക തിരിച്ചുവരവിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വസത്തിലാണ് ഈ പദവി ഏറ്റെടുക്കുന്നത്. ഇതൊരു പുഷ്പ കിരീടമല്ല എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഈ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തികൊണ്ടു തന്നെ കേരളത്തിലെ ജനങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന പോലെ കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കഠിനാദ്ധ്വാനത്തിന്റെ നാളുകളായിരിക്കും ഇനിയുണ്ടായിരിക്കുക. എല്ലാ ഘടകങ്ങളെയും ഘടകകക്ഷികളെയും കൂടെ നിര്‍ത്തികൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നോട്ട് കൊണ്ടു പോകും.

2. 1967 ല്‍ ഉണ്ടായതിനു സമാനമായ കനത്ത പരാജയത്തില്‍ നിന്നും തിരിച്ചുകയറാന്‍ കഴിയണം.

3. പ്രതിപക്ഷം എന്ന നിലയില്‍ പരമ്പരാഗതമായ ശൈലിയില്‍ ഒരുമാറ്റം ഉണ്ടാകണം. അത് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം മാറുന്നതിന് അനുസരിച്ച് പ്രവര്‍ത്തനങ്ങളിലും ദിശാബോധത്തിലും മാറ്റം വേണം. ഈ കാലത്തിന് അനുസരിച്ച രീതിയിലും കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു.

4. ജനങ്ങള്‍ മാന്‍ഡേറ്റ് നല്‍കി തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. ഇന്ന് ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ സര്‍ക്കാരിനൊപ്പം ഉണ്ടാകും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ ജനപ്രതിനിധികളും ഒരുമിച്ചിരുന്ന് ഈ മഹാമാരിയെ നേരിടണമെന്നാണ്. അതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ പൂര്‍ണമായി കേരളത്തില്‍ നടപ്പിലാക്കുന്നതിന് യുഡിഎഫ് പരിശ്രമിക്കും.

5. ഈ മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും നിരുപാധികമായ പിന്തുണ നല്‍കും. നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ഈ മഹാമാരി തന്നെയാണ്.് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി തമ്മിലടിക്കുന്നത് പോലെ തമ്മിലടിക്കുകയല്ല അവര്‍ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വിശ്വാസം ജനിപ്പിക്കുന്ന വിധത്തിലായിരിക്കും യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍.

6. ഈ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഞങ്ങള്‍ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കും. അവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ നിയമസഭയ്ക്കകത്തുള്ള പ്ലാറ്റ് ഫോമും പുറത്തുള്ള പ്ലാറ്റ്‌ഫോമും ഉപയോഗിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in