കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ എതിർപ്പറിയിച്ച് സംസ്ഥാനം. വിഷയത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ കേരളം വ്യക്തമാക്കി.
ബ്രേസിയറിലെ മെറ്റൽ ഹൂക്ക് ചൂണ്ടിക്കാട്ടിയാണ് കൊല്ലം ആയൂർ മാർ തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെച്ച് പരീക്ഷ എഴുതിയ പെൺകുട്ടിയോട് അടിവസ്ത്രം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടത്. വിഷയത്തിൽ പെൺകുട്ടിയുടെ കുടുംബം കൊല്ലം എസ്.പി പരാതി നൽകിയിട്ടുണ്ട്.
അടിവസ്ത്രം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടതിന് പുറമെ വസ്ത്രം ഒരുമിച്ച് കൊവിഡ് 19 പ്രോട്ടോക്കോൾ പോലും പാലിക്കാതെ കുട്ടിയിടുകയായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം വിഷയത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് കൊല്ലം മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. പരീക്ഷ നടത്തിപ്പ് ചുമതല എൻ.ടി.എ ഏൽപ്പിച്ച ഏജൻസി സ്റ്റാഫിനാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
പെൺകുട്ടികൾ തങ്ങളുടെ അടുത്തേക്ക് ഷാൾ ആവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് എത്തിയപ്പോൾ തങ്ങൾ ഇടപെട്ട് അവ എത്തിച്ചു നൽകുകയായിരുന്നുവെന്നും മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ദ ന്യൂസ് മിനുറ്റിനോട് പറഞ്ഞു.
അതേസമയം സമയം സംഭവത്തിൽ വിശദീകരണവുമായി എൻ.ടി.എ രംഗത്തെത്തി. പരീക്ഷ സമയത്തോ, പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പരീക്ഷ സെന്റർ ഇൻവിജിലേറ്റർ എൻ.ടി.എയെ അറിയിച്ചത്. ഇത്തരം ഒരു പ്രശ്നം നടന്നിട്ടില്ലെന്നാണ് എൻ.ടി.എയുടെ വാദം. അതേസമയം സംഭവത്തിൽ ആയൂരിലെ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരീക്ഷാ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.