നീറ്റ് വിവാദം; കൊല്ലം മാർത്തോമ കോളേജിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ, സംഘർഷം

നീറ്റ് വിവാദം; കൊല്ലം മാർത്തോമ കോളേജിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ, സംഘർഷം
Published on

കൊല്ലം ആയൂരിലെ മാർത്തോമ കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വിഷയത്തിലാണ് കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ കോളേജിലേക്ക് കല്ലെറിയുകയും ജനൽചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിചാർജ് നടത്തി.

കോളേജിലേക്ക് കെ.എസ്.യു പ്രവർത്തകരാണ് ആദ്യമെത്തിയത്. പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകരും പ്രകടനമായെത്തി. ഇവർ കോളേജിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പൊലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു. ഇതിനിടെ എ.ബി.വി.പിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തുകയായിരുന്നു.

നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ സംസ്ഥാനം എതിർപ്പറിയിച്ചിരുന്നു. വിഷയത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവാണ് കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ കേരളം വ്യക്തമാക്കി.

ബ്രേസിയറിലെ മെറ്റൽ ഹൂക്ക് ചൂണ്ടിക്കാട്ടിയാണ് കൊല്ലം ആയൂർ മാർ തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെച്ച് പരീക്ഷ എഴുതിയ പെൺകുട്ടിയോട് അടിവസ്ത്രം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടത്. വിഷയത്തിൽ പെൺകുട്ടിയുടെ കുടുംബം കൊല്ലം എസ്.പി പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in