ടോക്യോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ ഗോള്‍ഡ് മെഡലിസ്റ്റ് നീരജ് ചോപ്രയുടെ ജാവലിന്‍ ഫൈനല്‍ മത്സരത്തിനിടെ പാക് താരം അര്‍ഷാദ് നദീം എടുത്തതിനെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി നീരജ്. നദീം പ്രാക്ടീസിനായാണ് ജാവലിന്‍ എടുത്തതെന്നും തന്റെ പേര് മറ്റു കുപ്രചരണങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും നീരജ് പറഞ്ഞു.
ഒരു അഭിമുഖത്തില്‍ താന്‍ ജാവലിന്‍ തെരഞ്ഞതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദങ്ങള്‍ ഉയര്‍ത്തിയെന്നും എന്നാല്‍ അത് അങ്ങനെയല്ല, ആര്‍ക്കുവേണമെങ്കിലും ആരുടെ ജാവലിനും എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്റെ ആദ്യ ത്രോയ്ക്ക് മുമ്പ് പാക് താരം അര്‍ഷാദ് നദീം പരീശീലനത്തിനായാണ് ജാവലിന്‍ കൊണ്ടു പോയത് എന്നും നീരജ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഫൈനലില്‍ ആദ്യ ത്രോ എറിയാനായി തയ്യാറെടുക്കുമ്പോഴാണ് എന്റെ ജാവലിന്‍ കാണാനില്ലെന്ന് മനസിലായത്. നോക്കിയപ്പോള്‍ പാക് താരം നദീം എന്റെ ജാവലിന്‍ എടുത്ത് പരിശീലനത്തിന് പോകുന്നത് കണ്ടു. അദ്ദേഹത്തോട് ഭായ്, ഇതെന്റെ ജാവലിനാണ്, എനിക്ക് ത്രോ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് തിരിച്ചു നല്‍കി. ഇത്ര മാത്രമാണ് സംഭവിച്ചത്. അതുകൊണ്ടാണ് ആദ്യ ത്രോ ധൃതിയില്‍ ചെയ്യേണ്ടി വന്നതെന്നും നീരജ് ചോപ്ര ടൈംസ് ഓഫ് ഇന്ത്യയോടും പറഞ്ഞു.
'എന്റെ വാക്കുകള്‍ എടുത്ത് നിങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കും വൃത്തികെട്ട പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കരുത്. സ്‌പോര്‍ട്‌സ് എല്ലാവരെയും ഒരുമിപ്പിച്ച് നില്‍ക്കാനാണ് പഠിപ്പിക്കുന്നത്. കളിയുടെ നിയമങ്ങള്‍ കൂടി പഠിച്ചിട്ടു വേണം പ്രതികരിക്കാന്‍,' എന്നും നീരജ് ട്വീറ്റ് ചെയ്തു.
എന്നാല്‍ പാക് താരം നീരജിന്റെ ജാവലിനില്‍ എന്തോ കൃത്രിമത്വം നടത്തിയെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് വന്നത്. താന്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ വിവാദമുയര്‍ന്നതില്‍ വലിയ സങ്കടമുണ്ടെന്നും ജവലിന്‍ ത്രോ ചെയ്യുന്ന കളിക്കാര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്നും നീരജ് പറഞ്ഞു.